ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസി (85) ആണ് മരിച്ചത്. ഇന്നലെ (12-03-2024) ഉച്ചയ്ക്ക് ശേഷമാണ് ഇവർക്ക് പെരുന്തേനീച്ചക്കുത്തേറ്റത്. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തുളസിയെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇതേസമയം വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമക്കൾക്കും തേനിച്ചക്കുത്തേറ്റു.
വയോധികയെ പെട്ടെന്ന് തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തേനി മെഡിക്കൽ കോളേജിൽ രാത്രിയോടു കൂടിയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം തേനി മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
അതേസമയം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം കൊടുക്കേണ്ടത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്‍റെ ഉത്തരവാദിത്തമാണ് എന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ജില്ലയിൽ വർധിച്ചു വരുന്ന വന്യജീവി അക്രമങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. വനംവകുപ്പ് ക്രിയാത്മകമായി ഇടപെടണമെന്നും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന, ഇത്തവണ ഭീതി സൃഷ്‌ടിക്കുന്നത് കട്ടക്കൊമ്പന്‍