ഇടുക്കി : പെന്‍ഷന്‍ മുടങ്ങിയതിനെതിരെ അടിമാലിയില്‍ വീണ്ടും പ്രതിഷേധം. അടിമാലി അമ്പലപ്പടിയില്‍ വഴിയോര കച്ചവടം നടത്തുന്ന വൃദ്ധ ദമ്പതികളായ ഓമനയും ശിവദാസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വഴിയോര കച്ചവടക്കാരായ ഇരുവരും കടയ്‌ക്ക് മുന്നില്‍ ദയാവധത്തിന് തയ്യാറാണെന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് പ്രതിഷേധിച്ചത് (Delayed Pension Issues Kerala).
പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുസഹമായെന്ന് ദമ്പതികള്‍ പറഞ്ഞു. ജീവിതം മുന്നോട്ട് നീക്കാനാകുന്നില്ലെന്നതാണ് ദമ്പതികളുടെ പരാതി. അംഗ വൈകല്യമുള്ളയാളാണ് ഓമന. നേരത്തെ പഞ്ചായത്ത് അനുവദിച്ച് നല്‍കിയതാണ് ഇരുവരുടെയും പെട്ടിക്കട.
കടയിലെ ചെറിയ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞത്. എന്നാല്‍ ഏതാനും നാളുകളായി കച്ചവടം വളരെ കുറവാണ്. കഴിഞ്ഞ ആറ് മാസമായി പെന്‍ഷനും കൂടി മുടങ്ങിയതോടെ ജീവിതം ദുരിത പൂര്‍ണമായെന്ന് ഓമന പറഞ്ഞു (Elderly Couple Protest Against Delayed Pension).
കുളമാന്‍ കുഴിയില്‍ ഇവര്‍ക്ക് കൃഷിയിടമുണ്ട്. എന്നാല്‍ കൃഷിയിടത്തില്‍ വന്യമൃഗ ശല്യം രൂക്ഷമായത് കൊണ്ട് കൃഷി ചെയ്യാനും സാധിക്കാത്ത അവസ്ഥയിലാണ്. മുടങ്ങിയ പെന്‍ഷന്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും കൃഷിയിടത്തിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാന്‍ നടപടി കൈക്കൊള്ളണമെന്നുമാണ് ഇരുവരുടെയും ആവശ്യം. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ ഉറപ്പിന്മേല്‍ ഇരുവരും പ്രതിഷേധം അവസാനിപ്പിച്ചു (Idukki Couple Protest).