കണ്ണൂർ: മധ്യത്തിൽ വട്ടപ്പൊട്ടോട് കൂടിയ പൂവിന്‍റെ രൂപമുള്ളവ, പല പാളികളായി ചതുരത്തിലുള്ളവ, വട്ടത്തിലും നീളത്തിലും അരികിൽ ചിത്രപ്പണികളോടു കൂടിയവ. ഒരു കാലത്ത് നാടൻ ബേക്കറികളിലെ ചില്ലു ഭരണിയിൽ കാഴ്‌ചക്കാരെ കൊതിപ്പിച്ച നാടൻ ബിസ്ക്കറ്റുകൾ ആണിവ. ഈ ബിസ്‌ക്കറ്റുകളുടെ രൂപങ്ങൾക്ക് ഒരു കഥയുണ്ട്. കണ്ണൂരിന്‍റെ മധുരമുള്ള കഥ. കണ്ണൂർ മേലേ ചൊവ്വയിലെ പിജി ബിസ്ക്കറ്റ് ഡൈവർക്‌സ് എന്ന സ്ഥാപനവും ബിസ്‌ക്കറ്റും തമ്മിലുള്ള കഥ.
എട്ടു പതിറ്റാണ്ടിന്‍റെ പാരമ്പര്യമുണ്ട് ഈ സ്ഥാപനത്തിന്. ഇവിടെ നിന്നാണ് ബേക്കറികളിലേക്ക് വേണ്ടുന്ന അച്ചുകൾ നിർമിച്ചൊരുക്കുന്നത്. ഇപ്പൾ 54 കാരൻ പി സതീശൻ ഈ ഒറ്റ മുറി കടയിലിരുന്ന് അച്ചുകൾ മിനുക്കുകയാണ്. കണ്ണൂരിൽ ഇന്ന് നിലവിലുള്ള ഏക ബേക്കറി അച്ചുകട. സതീശന്‍റെ അച്ഛൻ ബാലനും, മുത്തച്ഛൻ ഗോവിന്ദനും അച്ചു നിർമ്മാണ വിദഗ്‌ധർ ആയിരുന്നു.
അച്ഛനിൽ നിന്ന് പണി പഠിച്ച സതീശൻ 35 വർഷമായി ഈ രംഗത്ത് ഉണ്ട്. ബേക്കറികളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന തലശ്ശേരിയിലെ ബേക്കറി ഉടമകളായിരുന്നു ആദ്യകാലത്തെ സ്ഥിരം ആവശ്യക്കാർ. അച്ചിന്‍റെ നിർമ്മാണം ഏറെക്കുറെ കൈ കൊണ്ടാണ് ഒരുക്കുന്നത്.
നേർത്ത ഉളിയോട് സാമ്യമുള്ള വെട്ടുരുമ്പാണ് പ്രധാന പണിയായുധം. ദ്വാരമിടാനും പോളിഷ് ചെയ്യാനും മാത്രമാണ് യന്ത്ര സഹായം തേടുന്നത്. പിച്ചളയിലാണ് നിർമ്മാണം. സ്പ്രിംഗ് ഇരുമ്പിൽ തയ്യാറാക്കും. ബ്രാൻഡഡ് ബിസ്‌കറ്റുകളുടെ വരവോടെ വിപണിയിൽ മാധുര്യം കുറഞ്ഞെങ്കിലും വൻ നഗരങ്ങളിലെ ചെറു ബേക്കറികളിലെ അപ്പ കൂടുകളിൽ ഇപ്പോഴുമുണ്ട് ഇവയുടെ രുചി സാന്നിധ്യം.
ബംഗളൂരു,കോയമ്പത്തൂർ, മുംബൈ പൂനെ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ബേക്കറികളിലേക്ക് ഇത്തരം ബിസ്ക്കറ്റുകൾ തയ്യാറാക്കുവാൻ ആവശ്യമായ അച്ച് കൈകൊണ്ട് രൂപപ്പെടുത്തുന്നത് കണ്ണൂരിൽ നിന്നാണ്. അച്ചിന്‍റെ പെരുമ കേട്ടറിഞ്ഞ മറ്റ് സംസ്ഥാനക്കാരായ ബേക്കറിക്കാരും ഉണ്ട് ഇദ്ദേഹത്തിന്‍റെ ഇടപാടുകാരായി. അച്ചുകൾ പലപ്പോഴും വിമാനം കയറി ഗൾഫ് നാടുകളിലേക്കും എത്തുന്നു.
സങ്കീർണമായ മോഡലിന്‍റെ അച്ചു നിർമ്മിക്കാൻ പരമാവധി മൂന്നര ദിവസം എടുക്കാറുണ്ട് എന്ന് സതീശൻ പറയുന്നു. ജോലിത്തിരക്കുള്ള സമയങ്ങളിൽ ജേഷ്‌ഠൻ സജീവനും സഹായത്തിന് എത്താറുണ്ട്. പഴയപോലെ ആവശ്യക്കാർ ഇല്ലെങ്കിലും ഓർഡർ തീരെ കുറഞ്ഞിട്ടില്ല. ഇപ്പോൾ ആവശ്യക്കാർ വാട്‌ആപ്പിൽ മോഡൽ അയച്ചു തരുകയും സമാന രീതിയിൽ അച്ചുണ്ടാക്കി തിരിച്ചയച്ചു കൊടുക്കാറാണ് പതിവ്