കോഴിക്കോട്: 'കേരള സ്‌റ്റോറി' സിനിമ വീണ്ടും വമ്പന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമ്പോള്‍ യഥാര്‍ഥ കേരള സ്റ്റോറിയിതാ... ക്രിസ്ത്യൻ സമുദായത്തിൽ നിന്നും മുസ്‌ലീം സമുദായക്കാരൻ വിവാഹം ചെയ്‌തതിനെ ലവ് ജിഹാദ് എന്ന് വിളിച്ചവർ മഞ്ചേരിയിലേക്ക് നോക്കുക. ചെറിയ പെരുന്നാൾ ദിവസം ഈദ് ഗാഹിനായി പള്ളിയങ്കണം തുറന്നുകൊടുത്തത് മഞ്ചേരിയിലെ സിഎസ്ഐ നിക്കോളാസ് മെമ്മോറിയൽ ചർച്ച്.
തൊട്ടടുത്തുള്ള സർക്കാർ യുപി സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു വർഷങ്ങളായി ഈദ് ഗാഹ് നടന്നുവന്നിരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പഞ്ചാത്തലത്തിൽ സ്‌കൂൾ അങ്കണത്തിൽ ഈദ് ഗാഹ് നടത്താൻ സാധിക്കാതിരുന്നതിനാലാണ് മറ്റൊരു വേദി കണ്ടത്തേണ്ടിവന്നത്. വിശേഷ ദിനത്തിൽ മുസ്‌ലീം സഹോദരങ്ങൾക്ക് ആതിഥ്യമരുളാൻ കഴിഞ്ഞതിൽ പള്ളി വികാരി ഫാ. ജോയ് മസിലാമണി സന്തോഷം അറിയിച്ചു.
ഇത്തരം അവസരങ്ങളിൽ പരസ്‌പരം സ്നേഹത്തോടെ ഒന്നിച്ചുപോകാനുള്ള ശ്രമമുണ്ടാകണമെന്നും അത് ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈദ് ഗാഹിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറായ പള്ളി അധികൃതർക്ക് ഈദ് ഗാഹ് കമ്മിറ്റിയും നന്ദി അറിയിച്ചു. ആയിരങ്ങൾ അങ്ങിനെ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തപ്പോൾ കണ്ടത് മതസാഹോദര്യത്തിന്‍റെ യഥാർഥ കേരള സ്‌റ്റോറിയാണ്.
ജാതിയുടെയും മതത്തിന്‍റെയും അതിർ വരമ്പുകൾ ഇല്ലാതെ പെരുന്നാളും, ഓണവും, ക്രിസ്‌തുമസും, വിഷുവുമെല്ലാം ഒന്നിച്ച് ആഘോഷിക്കുകയും, ആപത്തിൽ കൈകോർത്ത് കൂടെ നിൽക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് യഥാർഥ കേരള സ്‌റ്റോറി.