എറണാകുളം : റമദാനിലെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ചന്ദ്രപ്പിറവി ദർശിച്ചാല്‍ നോമ്പ് അനുഷ്‌ഠിക്കുക, ചന്ദ്രപ്പിറവി ദർശിച്ചാൽ പെരുന്നാൾ ആഘോഷിക്കുക എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം (ഹദീസ്) അനുസരിച്ച് ചന്ദ്രപ്പിറവി കണ്ടാൽ ആണ് ഖാസിമാർ പെരുന്നാൾ തീരുമാനിക്കുക.
ഇതനുസരിച്ച് ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ പ്രകാരം ചന്ദ്രന്‍ ഉദിച്ചെന്ന് അറിഞ്ഞാല്‍ മാത്രം പെരുന്നാൾ തീരുമാനിക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാലേ ഖാസിമാര്‍ക്ക് പുതിയ മാസപ്പിറവി ഉറപ്പിക്കുകയുള്ളൂ. വിശ്വാസ യോഗ്യനായ ഒരാൾ ആകാശത്ത് മാസപ്പിറവി കണ്ടതായി അറിയിച്ചാൽ വ്രതാനുഷ്‌ഠാനം തീരുമാനിക്കും. എന്നാൽ വിശ്വാസയോഗ്യരായ രണ്ട് സാക്ഷികൾ ചന്ദ്രപ്പിറവി കണ്ടുവെന്ന് ഖാസിമാരെ അറിയിച്ചാൽ മാത്രമാണ് പെരുന്നാൾ തീരുമാനിക്കുക.
മുൻ കാലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഖാസിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും പെരുന്നാൾ ആഘോഷം രണ്ട് ദിവസങ്ങളിലായി നടന്ന ചരിത്രവുമുണ്ട്. ഇത് വലിയ തർക്കങ്ങളിലേക്ക് പോയ സാഹചര്യത്തിൽ ഖാസിമാർക്കിടയിലെ ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിൽ തീരുമാനമെടുത്ത് വരുന്നത്.
ഇന്ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് ഖാസിമാര്‍ കാത്തുനില്‍ക്കും. ഇന്ന് സൂര്യന്‍ അസ്‌തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം 6.38 നാണ് സൂര്യാസ്‌തമയം. 7.19 നാണ് ചന്ദ്രന്‍ അസ്‌തമിക്കുന്നത്. സൂര്യാസ്‌തമയത്തിന് ശേഷം 41 മിനിട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകുമെന്നതിനാൽ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്.
ആകാശത്ത് കാഴ്‌ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് തടസമാകാറുള്ളത്. കേരള തീരത്ത് ഇന്ന് പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ന് 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയില്ലാത്തതും ചന്ദ്രപ്പിറവി ദർശനത്തിന് സാധ്യത വർധിപ്പിക്കുന്നു.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ 30 ഉം ഒമാനിലും കേരളത്തിലും ഇന്ന് റമദാന്‍ 29 ഉം ആണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇന്ന് റമദാന്‍ 29 ആണ്. ഇന്ന് ചന്ദ്രപ്പിറവി ദൃശ്യമായാൽ ഹിജ്റ കലണ്ടർ പ്രകാരം റമദാന്‍ മാസം അവസാനിച്ച് നാളെ ശവ്വാല്‍ മാസം ഒന്ന് ആവുകയും ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുകയും ചെയ്യും. അതേ സമയം ചന്ദ്രപ്പിറവി ദൃശ്യമായില്ലങ്കിൽ റമദാൻ മാസം മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്‌ചയായിരിക്കും കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുക.