ത്യാഗത്തിന്‍റെയും അടിയുറച്ച വിശ്വാസത്തിന്‍റെയും ഓര്‍മ്മ പുതുക്കികൊണ്ട് കേരളത്തില്‍ ഇന്ന് ബലി പെരുന്നാള്‍. പെരുന്നാള്‍ നമസ്‌കാരവും, ബലി കര്‍മ്മവും, വിഭവസമൃദ്ധമായ ഭക്ഷണവും, മൈലാഞ്ചി മൊഞ്ചും പുതു വസ്‌ത്രങ്ങളും കൊണ്ട് വിശ്വാസികള്‍ പെരുന്നാള്‍ ദിനം ആഘോഷമാക്കുന്നു.
വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആഘോഷം മാത്രമല്ല. പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസന്നദ്ധതയും അല്ലാഹുവിനോടുള്ള പൂര്‍ണ്ണ സമര്‍പ്പണവും ഈ ദിനത്തില്‍ ഓര്‍മ്മിക്കപ്പെടുന്നു.
പ്രവാചകനായ ഇബ്രാഹിം നബി തന്‍റെ ആദ്യ പുത്രനായ ഇസ്‌മയിലിനെ അല്ലാഹുവിന്‍റെ കല്‌പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ബലി പെരുന്നാൾ. അല്ലാഹുവിന്‍റെ പരീക്ഷണത്തിൽ വിജയിച്ച പ്രവാചകൻ ഇബ്രാഹിമിനെ നാഥൻ ചേർത്ത് പിടിച്ചു. പ്രവാചകന്‍റെ സമര്‍പ്പണത്തെ അംഗീകരിച്ച അല്ലാഹു, മകന് പകരം ആടിനെ ബലി നല്‍കിയാല്‍ മതിയെന്ന് കല്‍പ്പിക്കുകയും ചെയ്യുന്നു. ഈ വിശ്വാസത്തിലാണ് ബലിപെരുന്നാളിന് മൃഗങ്ങളെ ബലിയറുക്കുന്നത്. ഓരോ ബലി പെരുന്നാളും വിശ്വാസത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലാണ് .
പ്രതികൂല കാലാവസ്ഥയായതിനാല്‍ സംസ്ഥാനത്ത് ഇത്തവണ ഈദുഗാഹുകള്‍ കുറവാണ്. ഓഡിറ്റോറിയങ്ങളിലും മറ്റുമാണ് ഈദ്ഗാഹുകൾ പലതും സംഘടിപ്പിച്ചത്. പെരുന്നാള്‍ നമസ്‌കാരം പള്ളികളിലാണ്.