പ്രവാചക സ്‌മരണകളുണര്‍ത്തി ഇന്ന് നബിദിനം. മസ്‌ജിദുകളിലും മദ്രസകളിലും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ മുഴക്കി വിശ്വാസികള്‍ നബിദിനം കൊണ്ടാടുന്നു. മൗലീദ് പാരായണം, റാലി, മധുര വിതരണം, കുട്ടികളുടെ കലാപരിപാടികള്‍, അന്നദാനം എന്നിങ്ങനെ വലിയ ആഘോഷ പരിപാടികളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്. അറബിക് കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ 12നാണ് നബി ജനിച്ചത്. ഈ ദിനം വിശ്വാസികള്‍ അനുഗ്രഹീത ദിനമായി കണക്കാക്കുന്നു. മസ്‌ജിദുകളും മദ്രകളും വീടുമെല്ലാം അലങ്കരിച്ചും പ്രവാചകന്‍റെ മദ്‌ഹുകള്‍ പാടിയുമാണ് വിശ്വാസി സമൂഹം നബിദിനത്തെ വരവേല്‍ക്കുന്നത്.
നബിദിനം ചരിത്രമിങ്ങനെ : ചരിത്രം കറുത്ത യുഗമെന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടിലാണ് പ്രവാചകന്‍ മുഹമ്മദിന്‍റെ തിരുപ്പിറവി. ഖുറൈശി ഗോത്രത്തിൽ ആമിന, അബ്‌ദുല്ല ദമ്പതികളുടെ മകനായാണ് മുഹമ്മദ് നബി ജനിച്ചത്. ഗര്‍ഭത്തിലിരിക്കെ രണ്ട് മാസം മുമ്പ് പിതാവിനെയും ആറാം വയസിൽ മാതാവിനെയും നഷ്‌ടപ്പെട്ട് അനാഥനായിട്ടാണ് നബി വളര്‍ന്നത്. പിതൃ സഹോദരനായ അബൂ ത്വാലിബായിരുന്നു സംരക്ഷണം നല്‍കിയത്.
ഇരുപത്തിയഞ്ചാം വയസില്‍ വിധവയായ ഖദീജയെ വിവാഹം കഴിച്ചു. വിശ്വസ്ഥൻ എന്ന് അർഥം വരുന്ന അൽ അമീൻ എന്ന പേരിലാണ് ജനങ്ങള്‍ക്കിടയില്‍ മുഹമ്മദ് നബി അറിയപ്പെട്ടത്. 40-ാമത്തെ വയസില്‍ പ്രവാചകത്വം ലഭിച്ച മുഹമ്മദ് നബി ജനങ്ങളെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചു. ദൈവിക വചനമായ വേദ ഗ്രന്ഥം ജനങ്ങളെ പഠിപ്പിച്ചുകൊണ്ടായിരുന്നു മുഹമ്മദ് നബിയുടെ പ്രബോധന പ്രവർത്തനങ്ങൾ.
സാമ്പ്രദായിക വിശ്വാസധാരകൾക്കെതിരായി ഏക ദൈവവിശ്വാസ പ്രചാരണം ഖുറൈശി സമൂഹത്തിന്‍റെ ശക്തമായ എതിർപ്പിന് കാരണമായി. കൊടിയ മർദനങ്ങളും വധശ്രമങ്ങളും അതിജീവിച്ചായിരുന്നു നബിയുടെ പിന്നീടുള്ള ജീവിതം. ജന്മദേശമായ മക്കയിൽ നിന്നും മുഹമ്മദ് നബിക്കും അനുയായികൾക്കും മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.
ഇത് മദീന കേന്ദ്രീകരിച്ച് ഇസ്ലാമിക് റിപ്പബ്ലിക്ക് പിറവിയെടുക്കുന്നതിന് കാരണമായി. പിന്നീട് മക്ക കീഴടക്കി ഭരണമേറ്റെടുത്തെങ്കിലും തന്നെ ആക്രമിച്ചവരോടും ജന്മനാട്ടിൽ നിന്ന് ആട്ടിയോടിച്ചവരോടും പ്രതികാരമില്ലെന്ന് പ്രഖാപിച്ച് 'മക്കം ഫത്ഹ് ' നടപ്പിലാക്കി.
യുദ്ധവും മദ്യവുമുൾപ്പടെ സർവ അരാചകത്വവും കൊടികുത്തി വാഴുകയും സ്‌ത്രീകളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ ഹനിക്കുകയും ചെയ്‌തിരുന്ന സമൂഹത്തെ പരിഷ്‌കരിക്കുകയെന്ന ദൗത്യമാണ് പ്രവാചകൻ മുഹമ്മദ് നബി നിർവഹിച്ചത്. 63 വർഷത്തെ തന്‍റെ ജീവിതത്തിലൂടെ യോഗ്യരായ സമൂഹത്തെ വളർത്തിയെടുത്ത പരിഷ്‌കർത്താവായാണ് ചരിത്രം മുഹമ്മദ് നബിയെ വിലയിരുത്തുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.