തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ സ്വാഗത നൃത്തം ചിട്ടപ്പെടുത്താൻ 5 ലക്ഷം രൂപ അവശ്യപ്പെട്ട നടിക്കെതിരായി നടത്തിയ പ്രസ്‌താവന പിൻവലിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനത്തിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് വിമർശനം പിൻവലിച്ചതായി മന്ത്രി അറിയിച്ചത്.
ഇന്നലെ (ഡിസംബർ 8) വൈകിട്ട് വെഞ്ഞാറമൂട് നടന്ന രാമചന്ദ്രൻ സ്‌മാരക അവാർഡ് വിതരണത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇത്തവണ ഒരു അവതരണ ഗാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്‌കൂൾ യുവജനോത്സവം വഴി വളർന്നു വന്ന പ്രശസ്‌ത സിനിമാ നടിയെ നമ്മുടെ കുട്ടികളെ 10 മിനിറ്റ് സംഗീതവും നൃത്തവും പഠിപ്പിക്കാൻ വിളിച്ചത്. അവർ അത് ചെയ്യാമെന്ന് സമ്മതിച്ചു. പക്ഷെ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലമായി ചോദിച്ചത്. എത്ര അഹങ്കാരികളായി ഇവർ മാറുന്നുവെന്ന് മനസിലാക്കണം.
അഹങ്കാരവും പണത്തിനോടുമുള്ള ആർത്തിയും ഇവർക്ക് തീരുന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമെന്നും മന്ത്രി വിമർശിച്ചു. പഠിപ്പിക്കേണ്ടതില്ലെന്ന് നടിയോട് പറഞ്ഞതായും ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പരിപാടിക്ക് വിളിക്കുമ്പോൾ പലരും കാശ് ഇങ്ങോട്ട് നൽകുന്ന രീതിയാണ് കണ്ടിട്ടുള്ളത്. ഫഹദ് ഫാസിലിനെ വിളിച്ചപ്പോൾ സ്വന്തമായി വിമാനത്തിൽ എത്തിയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തതത്. അദ്ദേഹം എവിടെ താമസിച്ചുവെന്ന് പോലും തങ്ങളെ അറിയിച്ചില്ല. വിദ്യാഭ്യാസ മന്ത്രി എന്നുള്ള നിലയിൽ വളരെയേറെ വേദനിപ്പിച്ച സംഭവമാണിതെന്നും വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
അഞ്ച് ലക്ഷം രൂപ കൊടുക്കാനില്ലാത്തത് കൊണ്ടല്ല, കൊടുക്കില്ലെന്ന് തീരുമാനിച്ചതാണ്. ഇതേ യുവജനോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയാണ് അവർ സിനിമയിൽ പേരെടുത്ത് തുടങ്ങിയത്. കുറച്ചു സിനിമയും കാശുമായപ്പോൾ കേരളത്തോടും കേരളത്തിലെ 45 ലക്ഷം വിദ്യാർഥികളോടും അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ ഇപ്പോള്‍ വിമര്‍ശനം പിൻവലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി.