കോട്ടയം: ഈസ്റ്ററിന് വിശ്വാസികൾക്ക് വിതരണം ചെയ്യാൻ ഈസ്റ്റർ മുട്ടകൾ ഒരുങ്ങി കഴിഞ്ഞു. പ്രത്യാശയുടെയും ഉയിർപ്പിന്‍റെയും സന്ദേശം പകരുന്ന ഈസ്റ്റർ മുട്ടകൾ തയാറാക്കുന്ന തിരക്കിലായിരുന്നു ചങ്ങനാശേരി കത്തീഡ്രൽ പള്ളി യുവദീപ്‌തിയിലെ അംഗങ്ങൾ. 1800 കോഴിമുട്ടകളിലാണ് അംഗങ്ങൾ ഛായം പൂശിയത്.
ഹാപ്പി ഈസ്റ്ററെന്ന സന്ദേശവും മുട്ടയിൽ എഴുതി. തിളപ്പിച്ചെടുത്ത് പുറന്തോട് കളയാത്ത മുട്ടകളിലാണ് നിറം നൽകുന്നത്. മുട്ട പൊട്ടാതെ സൂക്ഷ്‌മമായി ഓരോരുത്തരും മുട്ടകളിൽ അലങ്കാരം ചെയ്‌തു. 2008 മുതൽ യുവദീപ്‌തി അംഗങ്ങൾ ഈസ്റ്റർ മുട്ട ഒരുക്കി വരുന്നു. ഈസ്‌റ്റര്‍ ദിവസം പുലർച്ചെ നടക്കുന്ന ർശുശ്രൂഷകൾക്ക് ശേഷം ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുട്ടകൾ ആശീർവദിക്കും. തുടർന്ന് വിശ്വാസികൾക്ക് വിതരണം ചെയ്യും.
ഈസ്റ്റർ മുട്ട ഒരുക്കുന്നതിന് യുവദീപ്‌തി ഡയറക്‌ടർ ഫാ. ജെറിൻ കാവനാട്ട്, അസി. വികാരി ഫാ. ടോജോ പുള്ളിക്കപടവിൽ, യുവദീപ്‌തി പ്രസിഡൻ്റ് കാർമൽ ജോബി, സെക്രട്ടറി അരുൺ ടോം തോപ്പിൽ, സ്നേഹ സുനിൽ എന്നിവർ നേതൃത്വം നൽകി.
ക്രിസ്‌തുവിന്‍റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ മുട്ടയുടെ ചരിത്രം. മരണത്തെ ജയിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്. പുരാതന കാലത്തെ മെസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയതെന്ന് പറയപ്പെടുന്നു.
ബ്രിട്ടനിൽ 15-ാം നൂറ്റാണ്ട് മുതൽ അരിമാവും പഞ്ചസാരയും കൊണ്ട് മുട്ടകൾ ഉണ്ടാക്കുമായിരുന്നു. കോഴി, താറാവ് എന്നിവയുടെ മുട്ട തിളപ്പിച്ചെടുത്ത് പുറന്തോടില്‍ ചായങ്ങൾ പൂശുന്നതാണ് പരമ്പരാഗത രീതി. പണ്ട് പച്ചക്കറികളുടെ ചാറും പ്രകൃതിദത്തമായ വസ്‌തുക്കളുമാ നിറം പകരാൻ ഉപയോഗിച്ചത്.
പിന്നീടാണ് പ്ലാസ്‌റ്റിക് മുട്ടകളും ചോക്ലേറ്റ് മുട്ടകളും പ്രചാരത്തിൽ വന്നത്. ചുവപ്പ് മുട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ക്രിസ്‌തുവിന്‍റെ രക്തത്തിന്‍റെ ഓർമയാണ് ചുവപ്പ് മുട്ടകൾ. ഇന്ന് പള്ളികളിലും ഭവനങ്ങളിലും മാത്രമല്ല ബേക്കറികളിലും ഈസ്റ്റർ മുട്ട വലിയ രീതിയിൽ വിറ്റഴിക്കപ്പെടുന്നു.