വയനാട്: ജില്ലയിലെ ചിലയിടങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കവും നേരിയ ചലനവും ഉണ്ടായതായി പ്രദേശവാസികൾ. വൈത്തിരി, ബത്തേരി താലൂക്കിലെ അമ്പലവയൽ, അമ്പുകുത്തി, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ, നെന്മേനി ഉൾപ്പെടെയുള്ള വിവിധയിടങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവം.
പ്രകമ്പനമെന്ന് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. ചിലയിടത്ത് വലിയ ശബ്‌ദവും മുഴക്കവും അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. നിലവിൽ ഭൂകമ്പ സൂചനകൾ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റവന്യൂ അധികൃതരടക്കമുള്ളവർ സംഭവം പരിശോധിച്ച് വരികയാണ്. പ്രദേശത്തെ അഞ്ച് സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലും ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. കൂടരഞ്ഞി, മുക്കം എന്നിവിടങ്ങളിലാണ് അസാധാരണ ശബ്‌ദം കേട്ടത്.
ജനങ്ങളെ സുരക്ഷിതയിടത്തേക്ക് മാറ്റുന്നു: പ്രകമ്പനമുണ്ടായ ജനവാസ മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റി താമസിപ്പിച്ചു തുടങ്ങി. മേഖലയിൽ പുനരധിവാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രകമ്പനമുണ്ടായതായി ജില്ല അടിയന്തരകാര്യ നിര്‍വഹണ വിഭാഗവും അറിയിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്‌തയിടങ്ങളിലെ ജനങ്ങളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുന്നതിന് ജില്ല ഭരണകൂടം നടപടികളെടുത്തതായി കലക്‌ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
Also Read: കാണാതായവർക്ക് വേണ്ടി ഇന്നും...; ദുരന്തബാധിത പ്രദേശങ്ങളിൽ ജനകീയ തെരച്ചിൽ