കണ്ണൂര്‍: ബോംബ് നിർമ്മാണം പോലെയുള്ള കുറ്റം ആര് ചെയ്‌താലും തെറ്റാണന്നും പാനൂർ ബോംബ് സ്ഫോടനത്തെ സംബന്ധിച്ച് പൊലീസ് നിഷ്‌പക്ഷമായി അന്വേഷിക്കട്ടെയെന്നും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. പാനൂരിലെ ബോംബേറിനെ നിസാരവത്കരിച്ച ജയരാജൻ ബോംബേറ് ആദ്യമായിട്ടല്ലല്ലോ എന്ന ചോദ്യമാണുയർത്തിയത്.
'എന്നെ തന്നെ മൂന്ന് പ്രവാശ്യം ബോംബ് എറിഞ്ഞ സ്ഥലമാണ് പാനൂർ കൈവേലിക്കൽ. ആർഎസ്എസും കോൺഗ്രസും ബോംബുണ്ടാക്കുന്ന പ്രദേശമാണ് ഇത്.' ജയരാജന്‍ പറഞ്ഞു. പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് ചിലരെങ്കിലും പിടിക്കപ്പെടുന്നത് എന്നും കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ജയരാജൻ വ്യക്തമാക്കി.
ഇത്തരം തെറ്റായ പ്രവണത ആരുടെ ഭാഗത്ത് നിന്നുണ്ടായാലും പിടികൂടണം. ഡിസിസി ഓഫീസിലടക്കം വ്യത്യസ്‌ത രീതിയിലുള്ള ബോംബുണ്ടാക്കിയവരാണ് കോൺഗ്രസ്. അവർ വല്ലാതെ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കാൻ വരണ്ട എന്നും ജയരാജൻ വ്യക്തമാക്കി.
ഡിവൈഎഫ്ഐയിൽ ലക്ഷകണക്കിന് അംഗങ്ങളുണ്ട്. അവരുടെ എല്ലാ സ്വഭാവഗുണങ്ങളും നമ്മുക്ക് പരിശോധിക്കാനാവുമോ? അവിടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ബോംബ് നിർമ്മാണത്തിലെക്കെത്തിച്ചതാണ് എന്നാണ് മനസ്സിലാവുന്നത്. യുഡിഎഫിന് കേന്ദ്ര അന്വേഷണ ഏജൻസിയിലാണ് വിശ്വാസമെന്ന് ഷാഫി പറമ്പിൽ തന്നെ വ്യക്തമാക്കട്ടെ. സോണിയ ഗാന്ധിക്കെതിരെയുള്ള പരാതിയും അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസിയാണ്. ഇതിലെന്താണ് യുഡിഎഫിന് പറയാനുള്ളത് എന്നും ഇ പി ജയരാജൻ ചോദിച്ചു.