തിരുവനന്തപുരം : ദൂരദർശനിൽ ഇന്ന് രാത്രി 8 മണിക്ക് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹിം. തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസായ യൂത്ത് സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു എ എ റഹിം.
ദൂരദർശൻ കേന്ദ്രം സമൂഹത്തെ ഭിന്നിപ്പിക്കുന്ന വിദ്വേഷ പ്രചരണത്തിന്‍റെ കേന്ദ്രമായി മാറരുത്. ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം നിർത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ ബഹിഷ്‌കരിച്ച സിനിമയാണ് കേരള സ്റ്റോറി. തീയേറ്ററുകളിൽ പൊളിഞ്ഞു പാളീസായ ഈ സിനിമയാണ് ഇപ്പോൾ ദൂരദർശൻ വഴി പ്രദർശിപ്പിക്കാൻ ആർഎസ്‌എസ് പദ്ധതിയിടുന്നത്. മലയാളികളെ തമ്മിലടിപ്പിക്കാൻ സാധിക്കില്ലെന്ന് ബിജെപി ഓർമിക്കണം. കേരളത്തിനെതിരായ വിദ്വേഷ പ്രചരണത്തിന്‍റെ സിനിമ കൂടിയാണ് കേരള സ്റ്റോറി എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്താനുള്ള സിനിമയാണിത്. ഉത്തരേന്ത്യയിലുടനീളം എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് സംഘപരിവാർ പ്രദർശിപ്പിച്ച സിനിമയാണ് കേരള സ്റ്റോറി. കേരളത്തിനെതിരായ വെറുപ്പും വിദ്വേഷവും വളർത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യാപകമായ പ്രചരണം. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർത്തുമെന്നും എ എ റഹിം കൂട്ടിചേർത്തു.
കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെയുള്ള സിപിഎമ്മിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രസ്‌താവനകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശനമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫണ്ടഐയുടെ നേതൃത്വത്തിൽ തെരുവുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.
തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രത്തിന് മുന്നിലാകും ആദ്യമായി പ്രതിഷേധം നടത്തുക. പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർത്താനാണ് ഇപ്പോൾ ഡിവൈഎഫ്ഐയുടെ നീക്കം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിഷയം പൊതുമണ്ഡലത്തിൽ കേരള സ്റ്റോറി വീണ്ടും സജീവ ചർച്ച വിഷയമായി എത്തുകയാണ്.