കാസർകോട്: പഠനം അവസാനിപ്പിച്ച് സ്‌കൂളുകളിൽ നിന്നും കൊഴിഞ്ഞുപോകുന്ന പട്ടികജാതി-പട്ടിക വർഗ വിദ്യാർഥികളുടെ എണ്ണം വര്‍ധിക്കുന്നു. 2023- 24 വർഷത്തിൽ സംസ്ഥാനത്ത് 468 പേരാണ് പഠനം അവസാനിപ്പിച്ചത്. 274 കുട്ടികളാണ് വയനാട്ടിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് പഠനം നിര്‍ത്തിയത്.
ഇടുക്കിയിൽ 44 പേരും കണ്ണൂരിൽ 37 പേരും പാലക്കാട് 32 പേരും പഠനം അവസാനിപ്പിച്ചു. ഗോത്ര ബന്ധു പദ്ധതി, വിദ്യാവാഹിനി, രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായം, 9-10 ക്ലാസുകളിലെ കുട്ടികള്‍ക്കായി പ്രത്യേക കേന്ദ്ര സഹായ സ്‌കോളര്‍ഷിപ്പുകള്‍, അയ്യങ്കാളി ടാലന്‍റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളുണ്ട്. ഇതില്‍ പലതും വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും എത്തുന്നില്ലെന്ന് പരാതിയും ഉയരുന്നുണ്ട്.
ഗ്രാന്‍റുകൾ മുടങ്ങുന്നതും ഊരുകളിലെ പ്രൊമോട്ടർമാരുടെ ഇടപെടൽ കുറയുന്നതും കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ടെന്ന് ആദിവാസി, ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോൻ ഇടിവി ഭാരതിനോട് പറഞ്ഞു. തലയെണ്ണുമ്പോൾ മാത്രം കുട്ടികളെ എത്തിക്കുന്ന സ്‌കൂളുകൾ ഉണ്ടെന്നും രക്ഷിതാക്കളുടെ അറിവില്ലായ്‌മ പരിഹരിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഇവർ പറയുന്നു.
കൊവിഡ് കാലയളവിലാണ് കൂടുതല്‍ പേരും പഠനത്തോട് വിമുഖത കാണിച്ചത്. വയനാട്, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ പേര്‍ പഠനം അവസാനിപ്പിച്ച് പോയത്. കഴിഞ്ഞ തവണ കുടിശികയായതിനാല്‍ കാസർകോടടക്കം വിവിധ ജില്ലകളിൽ വിദ്യാവാഹിനി പദ്ധതി നിലച്ചു. പട്ടികജാതി-പട്ടിക വർഗ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾ സർക്കാർ ഇന്ന് നടപ്പിലാക്കിവരുന്നുണ്ട്.
ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ ഉള്ളവർക്ക് ലംപ്‌സം ഗ്രാന്‍റ്, ദുർബലവിഭാഗ വിദ്യാർഥികൾക്ക് സ്റ്റൈപ്പന്‍റ്, അൺ എയ്‌ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഫീസ് റീ ഇംബേഴ്സ്മെന്‍റ് എന്നിവയും ഒന്ന് മുതൽ 8 വരെ ക്ലാസുകളിലുള്ളവർക്ക് പ്രാരംഭ പഠനചെലവുകൾക്കായി എജുക്കേഷൻ എയ്‌ഡും നൽകുന്നുണ്ട്. കൂടാതെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും പ്രീ മെട്രിക് ഹോസ്റ്റലുകളും നടത്തി വരുന്നുണ്ട്.
നിലവിൽ 326 ടീച്ചർമാരെ നിയമിച്ച് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ ഗോത്ര ബിന്ദു പദ്ധതി നടപ്പിലാക്കി വരികയാണ്. പദ്ധതികൾ നിരവധി വന്നെങ്കിലും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിൽ വർധനവാണ് ഉണ്ടാകുന്നത്. 2017-18 അധ്യയന വര്‍ഷങ്ങളിലെല്ലാം ആയിരത്തിലധികം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പഠനം മതിയാക്കിയിരുന്നു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ നേരിയ കുറവുണ്ടാകാന്‍ തുടങ്ങി.
ഈ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ഉയര്‍ന്ന ജോലികള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പിന്നീട് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കിയിരുന്നു. 2017നെ അപേക്ഷിച്ച് ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി ഒട്ടനവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പഠനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും വിദ്യാര്‍ഥികള്‍ പഠനം മതിയാക്കുന്നത് അന്വേഷിക്കേണ്ട കാര്യമാണ്.
വര്‍ഷം | സംസ്ഥാനത്ത് പഠനം അവസാനിപ്പിച്ച വിദ്യാര്‍ഥികള്‍ |
2023-24 | 468 |
2022-23 | 355 |
2021-22 | 211 |
2020-21 | 84 |
2019-20 | 861 |
2018-19 | 919 |
2017-18 | 1085 |
Also Read: വനം വകുപ്പിലെ ജോലി നിഷേധം: സ്വമേധയ കേസെടുത്ത് പട്ടികജാതി പട്ടികവർഗ കമ്മിഷൻ