തിരുവനന്തപുരം: പമ്പിങ് പുനരാരംഭിച്ചതോടെ തലസ്ഥാനത്തെ കുടിവെള്ള വിതരണം ഭാഗികമായി പുനസ്ഥാപിച്ചു. വട്ടിയൂര്‍ക്കാവ് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ ഇപ്പോഴും കുടിവെള്ള പ്രതിസന്ധി തുടരുകയാണെന്ന് കൗണ്‍സിലര്‍മാര്‍ അറിയിക്കുന്നു. പമ്പിങ് ആരംഭിച്ച ശേഷം ഇതു വരെ ചോര്‍ച്ച കണ്ടെത്താനായില്ലെന്ന് വാട്ടര്‍ അതോറിറ്റിയും അറിയിച്ചു.
ഇന്നലെ (സെപ്‌റ്റംബർ 08) രാത്രി 10.30 യോടെയാണ് പൈപ്പ് ലൈന്‍ അലൈന്‍മെൻ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെന്ന് വാട്ടര്‍ അതോറിറ്റി ഔദ്യോഗികമായി അറിയിക്കുന്നത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ ആറ്റുകാല്‍, ഐരാണിമുട്ടം വാര്‍ഡുകളിലാണ് ആദ്യം വെള്ളമെത്തുന്നത്. പിന്നാലെ പുലര്‍ച്ചെയോടെ ഐരാണിമുട്ടം ടാങ്കില്‍ നിന്നും പമ്പിങ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും വെള്ളമെത്താനുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേമം, മേലാംകോട് വാര്‍ഡുകളില്‍ ഇതുവരെ വെള്ളമെത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 44 വാര്‍ഡുകളിലായിരുന്നു നഗരത്തിലെ കുടിവെള്ള വിതരണം താറുമാറായത്. തിരുവനന്തപുരം - നാഗര്‍കോവില്‍ റെയില്‍പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികളുടെ ഭാഗമായാണ് കുടിവെള്ള പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിച്ചത്. സംഭവത്തില്‍ ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രതിഷേധിച്ചിരുന്നു.
കുടിവെള്ളം വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ കോണ്‍ഗ്രസ് നേതൃത്വവും ഇന്ന് സത്യാഗ്രഹം പ്രഖ്യാപിച്ചിട്ടുണ്ട്. പിടിപി നഗറില്‍ നിന്നുള്ള 700 എംഎം പൈപ്പ് ലൈനും നേമം ഭാഗത്തേക്കുള്ള 500 എംഎം പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് നഗരത്തില്‍ നാല് ദിവസമായി കുടിവെള്ളക്ഷാമം നേരിട്ടത്.
പണി ഇഴഞ്ഞത് കാരണം 33 വാര്‍ഡുകളില്‍ പൂര്‍ണമായും 11 വാര്‍ഡുകളില്‍ ഭാഗികമായും കുടിവെള്ളം മുടങ്ങി. റെയില്‍വേ ലൈനിന് അടിയിലുള്ള 700 എംഎം പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.