ഇടുക്കി: ഉപ്പുതറയിൽ രണ്ടു വർഷം മുൻപ് തുടങ്ങിയ കുടിവെള്ള പദ്ധതി ഇനിയും പൂർത്തിയായില്ല. ഇതോടെ തോട്ടം മേഖലയിലെ നൂറ്റമ്പതോളം കൂടുംബങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. ഒരു മാസമായി കുടിവെള്ളം വില കൊടുത്തു വാങ്ങുകയാണ് ഇവർ.
ഇടുക്കി ഉപ്പുതറ കരിന്തരുവി പാലം - ചൊരക്കാമൊട്ട 27 പുതുവൽ പ്രദേശത്ത് 500 ലിറ്റർ വെള്ളം വാഹനത്തിൽ സ്ഥലത്ത് എത്തണമെങ്കിൽ 1000 രൂപ നൽകണം. ഇതിനു കഴിയാത്തവർ കിലോമീറ്ററുകൾ മലയിറങ്ങി താഴ്ന്ന സ്ഥലങ്ങളിൽ നിന്നു. തലച്ചുമടായി വെള്ളം എത്തിക്കുകയാണ്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 2021 - 22 ൽ നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു.
ചീന്തലാർ പുഴക്കരയിൽ കരിന്തരുവി എസ്‌റ്റേറ്റു നൽകിയ സ്ഥലത്ത് കുളവും, 27 പുതുവൽ മലമുകളിൽ സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് ടാങ്കും നിർമിച്ചു. തുടർന്നുള്ള പദ്ധതി നടത്തിപ്പ് ഉപ്പുതറ പഞ്ചായത്തിന് കൈമാറി. മോട്ടോർ, വിതരണ പൈപ്പ്,
വൈദ്യുതി എന്നിവയ്ക്ക് 2022-23 ൽ പഞ്ചായത്ത് 5.5 ലക്ഷം രൂപ വകയിരുത്തി. എന്നാൽ തുടർ നടപടി ഉണ്ടാകാത്തതിനാൽ അനുവദിച്ച തുക പാഴായി.
ഈ വർഷം ടെൻഡർ ക്ഷണിച്ചെങ്കിലും പണി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. രണ്ടാമതു വിളിച്ച ടെൻഡർ പ്രകാരം ഒരു മാസം മുൻപ് ഒരാൾ കരാർ ഏറ്റെടുത്തെങ്കിലും പ്രതിസന്ധി തുടരുകയാണ്. മുൻപുള്ള ബില്ലു മാറിയാലേ കരാറുകാരൻ പണി ചെയ്യൂ. പഴയ ബില്ലു മാറാനുള്ള ശ്രമത്തിലാണെന്നും, ഇതു കിട്ടിയാലുടൻ പണി നടത്തുമെന്നുമാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.