തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്ക്കരിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കി. സർക്കുലർ പ്രകാരം കാർ ലൈസൻസ് ടെസ്റ്റിന് 'H' എടുക്കലിന് പകരം അംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രെഡിയന്‍റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്ക്കാരിക്കാൻ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മെയ് 1മുതൽ പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്തണമെന്നാണ് നിർദേശം.
മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമായിരിക്കണം. 95 സിസിക്ക് മുകളിലായിരിക്കണം ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനം. നിലവിൽ കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമാണ് ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ പാടില്ല.
ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർത്ത് നൽകുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തും. നിലവിൽ ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 01/05/2024 തീയതിക്ക് മുൻപായി നീക്കം ചെയ്യണമെന്നും പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കണമെന്നും നിർദേശം നൽകി.
ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരുമാകണം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.
ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തണം. ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്‌കൂളിന്‍റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ ഉടമ സ്ഥാപിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്‌ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റണം. ഡാറ്റ 3 മാസം സൂക്ഷിക്കണം.
കാർ ടെസ്റ്റ് കമ്പ്യൂട്ടറൈസ്‌ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ അംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രെഡിയന്‍റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കിൽ പരിശോധിക്കണം. ഡ്രൈവിങ് ടെസ്റ്റ് സ്‌കൂൾ ഇൻസ്ട്രക്‌ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും പുതുക്കിയ നിബന്ധനകളിൽ പരാമർശിക്കുന്നു. വരുന്ന മെയ് ഒന്നു മുതൽ തീരുമാനം നടപ്പിലാക്കണമെന്നാണ് നിർദ്ദേശം.