തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട് സംഭവമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും മാലിന്യ സംസ്‌കരണത്തിനായി തപ്പിത്തടയുന്നവര്‍ക്കു മുന്നില്‍ വ്യക്തമായ മാതൃക മുന്നോട്ടു വയ്ക്കുകയാണ് പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌സിലെ ജീവനക്കാര്‍. പുല്ല് പോലും മുളയ്ക്കാത്ത കടല്‍ തീരത്തെ മണല്‍പ്പരപ്പിലാണ് നിശ്ചയാര്‍ഢ്യത്തിൻ്റെ പുറത്തേറി ഇവിടെ പൊന്നു വിളയിക്കുന്നത്.
നഗരത്തിലെ വീടുകളില്‍ നിന്നുള്ള അടുക്കള മാലിന്യം, എയ്‌റോബിക് ബിന്‍ മാലിന്യം എന്നിവ ഉപയോഗിച്ച് മാത്രം മരുഭൂമി പോലെ കിടന്ന പ്രദേശത്ത് രണ്ടര ഏക്കറോളം ഇന്ന് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയാണ്. കിലോയ്ക്ക് 200 രൂപ പൊതുമാര്‍ക്കറ്റില്‍ വില വരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഓരോ മാസവും വിളവെടുക്കുമെന്ന് കൃഷിയുടെ ചുക്കാന്‍ പിടിക്കുന്ന കോര്‍ഡിനേറ്റര്‍ പി ഗിരീഷ് പറയുന്നു.
കള്ളിമുള്‍ ചെടി വിഭാഗത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ടിൻ്റെ മുവായിരത്തോളം തൈകളെ പരിപാലിക്കാന്‍ ആദ്യം മണ്ണില്‍ തിരുവനന്തപുരം നഗരസഭ ശേഖരിച്ച് നല്‍കിയ കിച്ചന്‍ ബിന്‍, എയറോബിക് ബിന്‍ മാലിന്യം പാകി. കഴിഞ്ഞ മാര്‍ച്ചില്‍ ഡ്രാഗണ്‍ ഫ്രൂട്ടിൻ്റെ തൈകള്‍ തേടി നടക്കുമ്പോള്‍ പോലും ഇവിടുത്തെ മണ്ണ് മരുഭൂമിക്ക് സമാനമായിരുന്നു. എന്നാല്‍ ഇന്ന് ഈ മണ്ണില്‍ മണ്ണിരകളെ ധാരളമായി കാണാന്‍ തുടങ്ങിയതിൻ്റെ ആത്മവിശ്വാസം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് ഗിരീഷ് പറയുന്നു.
രണ്ട് മാസം കൊണ്ട് വിളവെടുപ്പ് നൂറ് മേനി. സംഭവം വിജയമായതോടെ പച്ചക്കറി കൃഷിയും തുടങ്ങി. ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടത്തിന് നടുവില്‍ കുളം കുഴിച്ച് മീന്‍ കൃഷിയും ആരംഭിച്ചു. ഡ്രിപ്പ് ഇറിഗേഷനും, സിസിടിവിയും സ്ഥാപിച്ച് കൃഷിയെ സ്‌മാര്‍ട്ടാക്കി. മാലിന്യം കൊണ്ട് മണ്ണില്‍ വിപ്ലവം തീര്‍ത്ത മാതൃക. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച കൃഷിക്ക് ഇന്നും പ്രധാന വളമായി ഉപയോഗിക്കുന്നത് നഗരത്തില്‍ നിന്നുമെത്തുന്ന മാലിന്യം മാത്രമാണ്.
മണ്ണില്‍ നിന്ന് വന്നതൊക്കെ മണ്ണിലേക്ക് മടങ്ങാന്‍ അനുവദിക്കേണ്ടതിൻ്റെ അനിവാര്യതയെ മാത്രമാണ് വന്‍ വിജയമായ തൻ്റെ പരീക്ഷണത്തിൻ്റെ കാതലെന്ന് ഗിരീഷ് പറയുന്നു. വിജയിക്കുമോയെന്ന് അറിയാത്ത പരീക്ഷണങ്ങള്‍ക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ച സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറയുന്നു.