കോട്ടയം : ഡോ. വന്ദന ദാസിന്‍റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുമെന്ന് വന്ദന ദാസിന്‍റെ പിതാവ് മോഹൻദാസ്. ആക്രമണം നടന്ന് നാലര മണിക്കൂറോളം മകള്‍ക്ക് ചികിത്സ വൈകി. ചികിത്സ നല്‍കുന്നതിനും തുടര്‍ നടപടിക്രമങ്ങളിലും വീഴ്‌ച ഉണ്ടായി.
സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും നിരവധി അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. കൊലപാതകത്തിന്‍റെ സത്യാവസ്ഥ മനസിലാക്കുന്നതിന് കേരളത്തിന് പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കണം എന്ന് മനസിലാക്കിയാണ് സിബിഐ അന്വേഷണം (Dr Vandana Das murder case CBI probe) ആവശ്യപ്പെട്ടത്. എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നേരിട്ട് ഹാജരായി അന്വേഷണത്തെ എതിര്‍ക്കുകയായിരുന്നുവെന്നും ഡോ. വന്ദന ദാസിന്‍റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു (Dr. Vandana Das Murder Case)
കഴിഞ്ഞ ജൂണ്‍ 30നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചത് ചൂണ്ടിക്കാട്ടി അന്വേഷണത്തെ അവര്‍ നിരാകരിക്കുകയായിരുന്നു. തങ്ങള്‍ ഇതുവരെ സര്‍ക്കാരിനെതിരായി ഒന്നും സംസാരിച്ചിട്ടില്ല. എന്നിട്ടും കഴിഞ്ഞ ഏഴ് മാസം കൊണ്ട് 20 തവണ കേസ് പരിഗണിച്ചിട്ടും നീട്ടിക്കൊണ്ടുപോയി.
എന്തിനാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മോഹൻദാസ്. സിബിഐ അന്വേഷണം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തില്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.