കോഴിക്കോട്: ചാത്തമംഗലം എൻഐടിയിൽ, അധ്യാപകരുടെ പേരിലുള്ള ആഭ്യന്തര പരാതികൾ അന്വേഷിക്കുന്നതിനുള്ള കമ്മറ്റിയുടെ ചെയർപേഴ്‌സണായി ഡോ. ഷൈജ ആണ്ടവനെ നിയമിച്ചതില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. നേരത്തെ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ പ്രകീർത്തിച്ച്, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് വിവാദത്തിൽ ആയ വ്യക്തിയാണ് ഷൈജ ആണ്ടവൻ. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കുന്ദമംഗലം പൊലീസ് രാജ്യദ്രോഹ പരാമർശം നടത്തിയെന്ന പേരിൽ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഏറെ നാൾ ഒളിവിൽ പോയ ഷൈജ ആണ്ടവൻ പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
അന്ന് കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇത്തരത്തിലുള്ള പരാമർശങ്ങളെല്ലാം നടത്തിയിട്ടും എൻഐടി, ആഭ്യന്തരമായ യാതൊരു നടപടികളും ഇവർക്കെതിരെ സ്വീകരിച്ചിരുന്നില്ല.
എൻഐടിയിലെ പല വിവാദ ഉത്തരവുകളും പുറത്തേക്ക് ചോർന്നുപോകുന്ന സാഹചര്യത്തില്‍ രഹസ്യമായാണ് ഡോക്‌ടർ ഷൈജ ആണ്ടവനെ ചെയർപേഴ്‌സൺ ആയി നിയോഗിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. രാജ്യദ്രോഹപരാമർശത്തിൽ വരെ കേസെടുത്ത ഒരു വ്യക്തിക്ക് സ്ഥാനക്കയറ്റം എന്നോണം പുതിയ പദവി നൽകിയതിനെതിരെ ഒരു വിഭാഗം അധ്യാപകർക്കും ജീവനക്കാർക്കും ഇടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.