എറണാകുളം : ഡോ. ഷഹനയുടെ ആത്മഹത്യക്കേസിലെ പ്രതി ഡോ. റുവൈസിന്‍റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവാണ് ചീഫ് ജസ്‌റ്റ്സ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് തടഞ്ഞത്. തിരുവനന്തപുരം മെഡി.കോളജ് പ്രിന്‍സിപ്പലിന്‍റെ അപ്പീലിലാണ് നടപടി. റുവൈസിന്‍റെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടിയ നടപടി സർക്കാർ നിയോഗിച്ച ഉന്നതതല സമിതി ഒരാഴ്ച്ചക്കകം പുനപരിശോധിച്ച് തീരുമാനമെടുക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഇതിനുശേഷം സിംഗിൾ ബഞ്ചിനെ വീണ്ടും സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. റുവൈസിനെ തിരികെ കോളജിൽ പ്രവേശിപ്പിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പ്രിൻസിപ്പലിന്‍റെ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോളജിലെ അക്കാദമിക സാഹചര്യം നിലനിർത്തുന്ന കാര്യം കൂടി പരിഗണിച്ചാണ് അച്ചടക്ക നടപടി തുടരാൻ കമ്മിറ്റി തീരുമാനിച്ചതെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. റുവൈസ് വിവാഹത്തിൽ നിന്നും പിന്മാറിയതായിരുന്നു ഷഹന ആത്മഹത്യ ചെയ്യാനുണ്ടായ കാരണം.
എന്നാൽ ആത്മഹത്യക്ക് കാരണം താനല്ലെന്നും തനിക്ക് തുടർ പഠനത്തിന് അവസരം നൽകണമെന്നും റുവൈസ് വാദമുന്നയിച്ചിരുന്നു. ഷഹനയുടെ സാമ്പത്തികാവസ്ഥയെ കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെങ്കിലും ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തി സാമ്പത്തിക കാര്യങ്ങളില്‍ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്ന് ഷഹനയുടെ ആത്മഹത്യ കുറിപ്പ് അടക്കം പരിശോധിച്ചുകൊണ്ട് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. റുവൈസിന് ജാമ്യം അനുവദിക്കരുതെന്നും കേസിൽ അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്.
റുവൈസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും, സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. റുവൈസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് ഇതിന് മുൻപ് ഹൈക്കോടതിയുടെ വിലയിരുത്തൽ വന്നിരുന്നു. റുവൈസിന്‍റെ സസ്പെന്‍ഷൻ ഉത്തരവ് പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നാണ് കോടതി ഇതിന് മുൻപ് അറിയിച്ചിരുന്നത്.