കോഴിക്കോട്: ഡോക്ടർമാരുടെ കുറവ് നേരിടുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് സീനിയർ റെസിഡന്റ് ഡോക്ടർമാർ (എസ്ആർ) കാലാവധി പൂർത്തിയാക്കി ഇന്നിറങ്ങും. ഇതോടെ നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ആശുപത്രിയിലെ സീനിയർ റെസിഡന്റുമാരുടെ സേവനം രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ ഏറെ സഹായകരമായിരുന്നു.
ഓർത്തോ അടക്കമുള്ള വിഭാഗങ്ങളിൽ ശസ്ത്രക്രിയ ഉൾപ്പെടെയുളള ചികിത്സകളിൽ പ്രധാന പങ്കുവഹിക്കുന്ന സീനിയർ റെസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ ഇറങ്ങുന്നത് മെഡിക്കൽ കോളജിന്റെ പ്രവർത്തനം താളം തെറ്റിക്കുമെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കി. പുതിയ ബാച്ച് വരാൻ ഇനിയും ആറുമാസമെങ്കിലും കാത്തിരിക്കണമെന്നിരിക്കെ പകരം സംവിധാനങ്ങൾ ഒരുക്കാത്തതാണ് ആശുപത്രിയിൽ ചികിത്സ വൈകാൻ ഇടയാക്കിയത്. ഇത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം ഇരട്ടിയാക്കുകയും ചെയ്യും.
ശസ്ത്രക്രിയകള്‍ അനന്തമായി നീളും. ഓർത്തോ, ഗ്യാസ്ട്രോ വിഭാഗത്തിൽ ശസ്ത്രക്രിയകൾക്ക് മാസങ്ങൾ നീണ്ട തീയതിയാണ് ലഭിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള സാധാരണക്കാരെ ഇത് വലിയ പ്രതിസന്ധിയിലാക്കും. 132 സീനിയർ റെസിഡന്റ് പോസ്റ്റുകളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അനുവദിക്കപ്പെട്ടത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ഇതിന്റെ മൂന്നിലൊന്ന് തസ്തികകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അടുത്ത ബാച്ച് ജോലിയിൽ പ്രവേശിക്കണമെങ്കിൽ ജൂനിയർ റെസിഡന്റ് പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിക്കണം.
2025 ജനുവരിയിലാണ് ജൂനിയർ റെസിഡന്റ് ഫൈനൽ പരീക്ഷ നടക്കുക. ഇതിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് സീനിയർ റെസിഡന്റുമാരെ നിയമിക്കുമ്പോഴേക്കും ഫെബ്രുവരി മാസം കഴിയും. കൊവിഡ് കാരണം ഉണ്ടായ പ്രതിസന്ധിയാണ് നടപടി ക്രമങ്ങൾ വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതെല്ലാം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും നേരത്തേ അറിയാമായിരുന്നിട്ടും നിലവിലുള്ളവരുടെ കാലാവധി നീട്ടുന്നതടക്കമുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർക്ക് കത്ത് അയച്ചിരുന്നു. എന്നാൽ സീനിയർ റെസിഡന്റായി തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്കുപോലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഡോക്ടർമാരും പറയുന്നത്.
Also Read: ഗർഭസ്ഥശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബം, കേസ്