പത്തനംതിട്ട: ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ അടൂർ ജനറല്‍ ആശുപത്രിയിലെ ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌തു. ആശുപത്രിയിലെ അസിസ്‌റ്റന്‍റ് സർജൻ ഡോക്‌ടർ വിനീതിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. രോഗിയോട് 12000 രൂപ ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് നടപടി.
അടൂർ കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോക്‌ടർ വിനീതിനെതിരെ അടൂർ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. തൻ്റെ സഹോദരിയുടെ പുറത്തെ മുഴ മാറ്റാനുള്ള ചികില്‍സക്കായാണ് ഡോക്‌ടർ വിനീതിനെ കണ്ടതെന്നും ഇതിനായി ശസ്ത്രക്രിയക്ക് പന്ത്രണ്ടായിരം രൂപ ഡോക്‌ടർ ആവശ്യപ്പെട്ടെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പണം ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശവും പുറത്തു വന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ 16 ആം തീയ്യതി നടന്ന സംഭവത്തില്‍ പരാതി നല്‍കിയിട്ടും സൂപ്രണ്ട് നടപടി വൈകിപ്പിക്കുകയാണെന്നും പരാതിക്കാരി ആരോപിച്ചു. ഇതോടെ പരാതി ലഭിച്ചിട്ടും ആശുപത്രി അധികൃതർ നടപടിയെടുക്കാന്‍ വൈകുന്നതിൽ പ്രതിഷേധിച്ച് യുവജന സംഘടനകളും രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ ഇതിനെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നല്‍കി. ഇതിനെ തുടർന്നാണ് നടപടി. എന്നാല്‍ താന്‍ സ്വകാര്യ പ്രാക്‌ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്‌ടറുടെ വിശദീകരണം