കോഴിക്കോട്: കോവൂരിന് സമീപം ഇരിങ്ങാടം പള്ളിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ ഡോക്‌ടർ മരിച്ചു. ഗോവിന്ദപുരം ശ്രീപാർവ്വതിയിൽ ഡോ ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇരിങ്ങാടം പള്ളി ട്രാഫിക് സിഗ്നലിന് സമീപത്താണ് അപകടം ഉണ്ടായത്.
അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശ്രാവൺ അടക്കമുള്ള മൂന്നു പേരെ ഇതുവഴി വന്ന കാർ യാത്രക്കാരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഡോ ശ്രാവൺ മരിച്ചിരുന്നു. എംബിബിഎസ് പഠനത്തിനുശേഷം എംഡി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശ്രാവൺ.
കോഴിക്കോട് സഹകരണ ആശുപത്രിയിലും ഡോക്‌ടറായി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീധരന്‍ വെളിയാറയാണ് പിതാവ് . ആഴ്‌ചവട്ടം ഗവൺമെന്‍റ് ഹൈസ്‌ക്കൂളിലെ അധ്യാപികയായ പ്രേമലതയാണ് ശ്രാവണിൻ്റെ അമ്മ. സഹോദരൻ പ്രണവ്.
അപകടത്തിൽപ്പെട്ട രണ്ടാമത്തെ വാഹനത്തിലെ യാത്രക്കാരായ കുന്ദമംഗലം പത്താം മൈൽ സ്വദേശികളായ സാനിൽ , മുഹമ്മദ് ഷാഫി എന്നിവർ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.