തിരുവനന്തപുരം: സിനിമകളുടെ എണ്ണത്തിനപ്പുറം പ്രമേയങ്ങളുടെ വ്യത്യസ്‌തതയിലൂടെ മലയാള സിനിമയില്‍ സ്വന്തം ഇടവും ഇരിപ്പിടവും സ്വന്തമാക്കിയ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദ ബാധിതനായി തിരുവനന്തപുരത്തെ ജിജി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
പ്രമുഖ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍റെ തിരക്കഥയില്‍ 1981-ല്‍ പുറത്തിറങ്ങിയ 'ആമ്പല്‍പ്പൂവ്' എന്ന ചിത്രത്തിലൂടെയാണ് ഹരികുമാര്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യ നായകന്‍മാരായ എംടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശത്രുഘ്‌നൻ, കെവി മോഹന്‍കുമാര്‍ എന്നിവര്‍ക്കൊപ്പവും കലൂര്‍ ഡെന്നീസ്, ലോഹിതദാസ്, ശ്രീനിവാസന്‍ എന്നിവരുടെ തിരക്കഥയിലും സിനിമകള്‍ സംവിധാനം ചെയ്‌തു.
1982-ല്‍ പുറത്തിറങ്ങിയ 'സ്‌നേഹപൂര്‍വ്വം മീര', 'ഒരു സ്വകാര്യം', 'പുലി വരുന്നേ പുലി' എന്നീ സിനിമകള്‍ക്ക് സ്വന്തമായി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ തിരക്കഥയില്‍ 1987 ല്‍ 'ജാലകം', 1988 ല്‍ 'ഊഴം' എന്നീ സിനിമകള്‍ സംവിധാനം ചെയ്‌തു. 1994ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ 'സുകൃതം' അദ്ദേഹത്തിന്‍റെ സിനിമ ജീവിത്തിലെ വഴിത്തിരിവായി.
പ്രേക്ഷകരുടെ മുക്തകണ്‌ഠ പ്രശംസയ്‌ക്ക് പാത്രമായ ചിത്രമായി 'സുകൃതം' മാറി. ഒപ്പം മികച്ച സിനിമയ്‌ക്കുള്ള ദേശീയപുരസ്‌കാരവും ഈ ചിത്രം സ്വന്തമാക്കി. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സംവിധാനം ചെയ്‌ത 'ഉദ്യാനപാലകന്‍', ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഒരുക്കിയ 'സ്വയംവര പന്തല്‍', കലൂര്‍ ഡെന്നീസിന്‍റെ തിരക്കഥയില്‍ സംവിധാനം നിര്‍വഹിച്ച 'പറഞ്ഞു തീരാത്ത വിശേഷങ്ങള്‍', ശത്രുഘ്‌നന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ 'സദ്ഗമയ' എന്നിവ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. എം മുകുന്ദന്‍റെ തിരക്കഥയില്‍ 2022-ല്‍ പുറത്തിറങ്ങിയ 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'യാണ് അവസാന ചിത്രം.
അതേസമയം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഹരികുമാറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കലാമൂല്യവും വാണിജ്യ മൂല്യങ്ങളും അതി വിദഗ്‌ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മദ്ധ്യവര്‍ത്തി സിനിമാ പ്രസ്ഥാനത്തിന്‍റെ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാറെന്ന് മുഖ്യമന്ത്രി അനുശേചന സന്ദേശത്തില്‍ പറഞ്ഞു. ദേശീയ പുരസ്‌കാര ജൂറി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ചന്ദ്രിക.
ALSO READ: 'ടൈറ്റാനിക്', 'ലോർഡ് ഓഫ് ദ റിംഗ്‌സ്' താരം ബെർണാഡ് ഹിൽ വിടവാങ്ങി