തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ. ഹൈക്കോടതി നിർദേശപ്രകാരമാണ് ഡിജിപി വീണ്ടും സർക്കുലർ പുറത്തിറക്കിയത് (State police chief new circular). പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തെ നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കേരള പൊലീസ് ആക്‌ടിലെ സെക്ഷന്‍ 33 പ്രകാരം പൊതുജനങ്ങള്‍ക്ക് പൊലീസ് നടപടികളുടെ ഓഡിയോയും വീഡിയോയും പകര്‍ത്താന്‍ അവകാശമുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ പൊലീസ് പ്രവര്‍ത്തനത്തിന്‍റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു (State police chief new circular).
സർക്കുലറിലെ നിർദേശങ്ങൾ ഇങ്ങനെ:
* എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായി മാന്യമായും സഭ്യമായും സംസാരിക്കുകയും പെരുമാറുകയും ചെയ്യണം.
* ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും അവരവരുടെ കീഴിലെ സേനാംഗങ്ങൾ ഈ പരിശീലനം നേടിയെന്ന് ഉറപ്പാക്കണം.
* സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണം.
* സേനയിലെ പുതിയ അംഗങ്ങൾ പൊതുജനങ്ങളോട് പെരുമാറേണ്ട രീതിയെ കുറിച്ചും ഭരണഘടന അനുസരിച്ചുള്ള പൗരന്മാരുടെ അവകാശങ്ങളെ പറ്റിയും പരിശീലന കാലയളവിൽ തന്നെ അവബോധം ഉണ്ടാക്കണം.
* ഇക്കാര്യങ്ങള്‍ പൊലീസ് അക്കാദമി ഡയറക്‌ടറും, പരിശീലന വിഭാഗം ഐജിയും, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലും ശ്രദ്ധിക്കണം.
വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളോട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ പെരുമാറുന്നതായും, അധിക്ഷേപത്തോടെയും, സഭ്യതയില്ലാതെയും സംസാരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട് (State police chief new circular).
പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനും എസ്.ഐയും തമ്മിലുള്ള വാഗ്വാദത്തിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഹൈക്കോടതി ഇടപെട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി.