കാസർകോട്: വാഹനാപകടത്തില്‍ പരിക്കേറ്റ തെരുവ് നായയ്ക്ക് കരുതലായി തൃക്കരിപ്പൂര്‍ ഡെന്‍റൽ ക്ലിനിക്കിലെ ഡോക്‌ടർ ഷിമ്മി ദാമോദരനും സഹപ്രവർത്തക ഷീബയും. തൃക്കരിപ്പൂർ നീലേശ്വരം റോഡിൽ അപകടത്തിൽപ്പെട്ട് ആരും തിരിഞ്ഞു നോക്കാതിരുന്ന നാല് മാസം പ്രായമുള്ള തെരുവ് നായയ്‌ക്കാണ് ഇവർ പുതുജീവൻ നൽകിയത്. അജ്ഞാത വാഹനം ഇടിച്ചിട്ട നിലയിൽ വെള്ളക്കെട്ടിൽ തണുത്ത് വിറച്ച് കിടക്കുകയായിരുന്നു തെരുവ് നായ.
നിരവധി പേര്‍ അതുവഴി പോയെങ്കിലും ആരും രക്ഷിക്കാൻ തയ്യാറായില്ല. നിസഹായനായ തെരുവ് നായയുടെ കരച്ചിൽ ആരും ശ്രദ്ധിച്ചതുമില്ല. നായയുടെ സമീപത്ത് കൂടി പോവുകയായിരുന്ന ഷിമ്മിയും ഷീബയും കരച്ചിൽ കേട്ടാണ് അതിന്‍റെയടുത്ത് എത്തിയത്.
ഇവർ കാണുമ്പോൾ നായയ്‌ക്ക് അണുബാധ ഉണ്ടായിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ നായയെ പയ്യന്നൂരിലെ മൃഗാശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയ നായക്കുട്ടി ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണിപ്പോള്‍.
Also Read: പാമ്പ് പിണയും പോലെ ഗേറ്റിൽ കുരുങ്ങി; തെരുവ് നായയ്‌ക്ക് രക്ഷകരായി ഫയർ ഫോഴ്‌സ്