തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെ ജന്ദര്‍മന്തിറില്‍ നടത്തുന്ന സമരം നാളെ. രാവിലെ 11 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് സമരം. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രിമാര്‍ ഇടത് എംഎല്‍എ മാര്‍ ഇടത് എംപിമാര്‍ എന്നിവരും സമരത്തില്‍ പങ്കെടുക്കും.
സമരത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. സംസ്ഥാനത്തിന് അര്‍ഹമായ ജിഎസ്‌ടി വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നും തക്കതായ റവന്യു കമ്മി ഗ്രാന്‍റ് വെട്ടിക്കുറച്ച് കേന്ദ്ര പൂളില്‍ നിന്നുള്ള നികുതി വിഹിതം മുന്‍ ധനകാര്യ കമ്മീഷനുകളെ അപേക്ഷിച്ച് ഗണ്യമായി കുറച്ചു. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്വാശ്രയത്വത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആരോപിച്ചാണ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സമരത്തില്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിതീകരണമായിട്ടില്ല. സത്യാഗ്രഹ സമരത്തില്‍ ഡിഎംകെ പ്രതിനിധികളും പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിച്ചിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എ മാരും ഇന്ന് ജന്ദര്‍ മന്തറില്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് കേരള സര്‍ക്കാരും സമാന ആവശ്യമുന്നയിച്ച് അതേ വേദിയില്‍ തന്നെ സമരത്തിനെത്തുന്നത്.
അതേ സമയം ദേശീയ തലത്തിലുള്ള ഇന്ത്യ സഖ്യത്തിലെ ആര്‍ജെഡി, ആം ആദ്‌മി, നാഷണല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ഇടത് എംപിമാര്‍ ഡല്‍ഹിയിലുണ്ട്.