തിരുവനന്തപുരം : നേമം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയുടെ മകളേയും പ്രതി ചേര്‍ത്ത് പൊലീസ്. അക്യുപങ്ചര്‍ ചികിത്സ പഠിച്ചിരുന്ന 19 കാരി ആസിയ ഉനൈസയെ ഐപിസി 304 വകുപ്പ് ചുമത്തിയാണ് നേമം പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഷമീറ മരിക്കുന്ന സമയം ആസിയ ഉനൈസ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് നടപടി (Mother And Baby Death Case).
ഇതോടെ കേസിലെ പ്രതികളുടെ എണ്ണം നാലായി. ഭർത്താവ് നയാസ്, നയാസിന്‍റെ ആദ്യ ഭാര്യ റെജിന, അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ എന്നിവരാണ് മറ്റ് പ്രതികൾ. ഐപിസി 304, 315, 316 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരായ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് നേമം പൊലീസ് അറിയിച്ചു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷമീറ ബീവി (35) ആണ് പ്രസവത്തെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. പ്രസവത്തില്‍ ഉണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം. ഫെബ്രുവരി 20 ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവ വേദനയുണ്ടായത്.
ബോധരഹിതയായ ഷമീറയെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും നേരത്തെ തന്നെ മരണപ്പെട്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പാലക്കാട് സ്വദേശിനിയാണ് ഷമീറ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഷമീറയ്ക്കും നയാസിനുമായി രണ്ട് കുഞ്ഞുങ്ങളുണ്ട്. സംഭവ സമയത്ത് ഷമീറയ്‌ക്ക് ഒപ്പം ഉണ്ടായിരുന്നത് നയാസിന്‍റെ ആദ്യ ഭാര്യയും മകളുമായിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപാണ് ഇവർ കാരയ്ക്കാമണ്ഡപത്തെ തിരുമംഗലം ലൈനിൽ വാടക വീട്ടിൽ താമസത്തിനെത്തിയത്.