കോഴിക്കോട്: കോട്ടൂർ ഗ്രാമ പഞ്ചായത്ത് നരയംകുളം തച്ചറോത്ത് ശശിയുടെ മകൻ അശ്വന്ത് (20) കണ്ണൂർ തോട്ടട ഗവ പോളിടെക്‌നിക്കിലെ ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം രണ്ടു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. അന്വേഷണം ആവശ്യപ്പെട്ട് അശ്വന്തിന്‍റെ പിതാവ് ഗവർണർക്ക് പരാതി നൽകി. മൂന്നാം വർഷ വിദ്യാർഥിയായിരുന്ന അശ്വന്തിൻ്റെ മൃതദേഹം കോളജ് ഹോസ്റ്റലിൽ 2021 ഡിസംബർ 1 ന് രാവിലെ കെട്ടി തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു.
വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്‍റെ മരണത്തോട് ഇതിനും സാമ്യമുണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു. അശ്വന്ത് സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം കാണപ്പെട്ടത്. മാത്രവുമല്ല വീട്ടിലോ നാട്ടിലോ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. മരണ വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കോളജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചുകിടത്തിയിരുന്നു.
ഒന്നാം വർഷ വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടി തൂങ്ങിയതായി പറയുന്നത്. ഫാനിന്‍റെ ലീഫിൽ കെട്ടാൻ കയറി നിന്നു എന്ന് പറയുന്ന കസേരയുടെ അടിഭാഗം തകർന്നതാണ്. ഇതിനു മുകളിൽ കയറി നിൽക്കാൻ കഴിയില്ല. അവനെ അഴിച്ചുകിടത്തിയവർ ആശുപ്രതിയിലെത്തിക്കാൻ ശ്രമിക്കാതിരുന്നതും ദുരൂഹത ഉയർത്തുന്നതാണ്.
മരിക്കുന്ന ദിവസം പുലർച്ചെ 1.56 വരെ അവൻ വാട്‌സാപ്പിൽ ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. ഫോൺ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഫോൺ കോടതിയിൽ ആണെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വർഷം ഉപയോഗിക്കാതിരുന്നതുകൊണ്ട് ഫോണിൽ നിന്ന് വിവരങ്ങൾ നശിച്ചു പോകാൻ സാധ്യതയുണ്ടെന്ന് രക്ഷിതാക്കൾ ഭയക്കുന്നു. ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ 30 ന് രാത്രി ഹോസ്റ്റലിലും കോളജിലും അലങ്കരിച്ചിരുന്നു.
ഹോസ്റ്റലിലെ ഒരു വിദ്യാർഥിക്ക് അന്നേദിവസം രാത്രി തലക്ക് മുറിവേറ്റതായി പ്രിൻസിപ്പൽ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ബന്ധുക്കൾ വരുന്നതിന് മുമ്പ് തന്നെ തിരക്ക് പിടിച്ച് പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോളജിലെ കുട്ടികളുമായി ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോൾ അവർ പരസ്‌പര വിരുദ്ധമായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഹോസ്റ്റലിൽ ചാർജുള്ള അധ്യാപകൻ രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നില്ല.
അസ്വാഭാവിക മരണത്തിന് എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെങ്കിലും അതീവ ഗുരുതരമായ അനാസ്ഥയും അലംഭാവവുമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരണം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും അശ്വന്ത് ഉപയോഗിച്ച ഫോൺ പരിശോധിച്ച് വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അവന്‍റെ വാട്‌സ്‌ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചാൽ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാൻ കഴിയുമെന്നറിഞ്ഞിട്ടും പൊലീസ് ഇതിനു വേണ്ട യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് അശ്വന്തിൻ്റേത്. വീട് പ്രവൃത്തി പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അച്ഛനും അമ്മയും സഹോദരിയും അച്ഛമ്മയും അടങ്ങുന്ന കുടുംബം അശ്വന്തിലായിരുന്നു പ്രതീക്ഷയർപ്പിച്ചത്. അപ്രതീക്ഷിതമായുണ്ടായ അവൻ്റെ വിയോഗം ഇവരെ മാനസികമായി തളർത്തിയിരിക്കുകയാണ്. കാര്യക്ഷമമായ അന്വേഷണം നടത്തിയാൽ അശ്വന്തിൻ്റെ മരണകാരണം കണ്ടെത്താൻ കഴിയുമെന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നു.
പരാതിയുടെ പൂർണ്ണരൂപം
വിഷയം: എന്‍റെ മകൻ അശ്വന്തിന്‍റെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തുന്നത് സംബന്ധിച്ച് .
സർ ,
കോഴിക്കോട് ജില്ല, കൊയിലാണ്ടി താലൂക്ക് കോട്ടൂർ അംശം, നരയംകുളം ദേശത്ത് തച്ചറോത്ത് വീട്ടിൽ താമസിക്കുന്ന എന്‍റെ മകൻ അശ്വന്ത് (20) കണ്ണൂർ ജില്ലയിൽ തോട്ടട ഗവ പോളിടെക്‌നിക്കിൽ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. 2021 ഡിസംബർ 1 ന് രാവിലെ അശ്വന്തിനെ പോളിടെക്‌നിക്ക് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അവൻ സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം കാണപ്പെട്ടത്. മാത്രവുമല്ല വീട്ടിലോ നാട്ടിലോ യാതൊരു പ്രശ്‌നവും അവനുണ്ടായിരുന്നില്ല. എല്ലാവരോടും വളരെ സ്നേഹത്തോടും സന്തോഷത്തോടും കൂടിയാണ് അവൻ പെരുമാറിയിരുന്നത്. അശ്വന്തിന്‍റെ മരണത്തിൽ അതിഗുരുതരമായ ദുരൂഹത ഉള്ളതായി ഞങ്ങൾ സംശയിക്കുന്നു. ബന്ധുക്കളും നാട്ടുകാരും കോളജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചുകിടത്തിയിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടി തുങ്ങിയതായി പറയുന്നത്. ഫാനിന്‍റെ ലീഫിൽ കെട്ടാൻ കയറി നിന്നു എന്ന് പറയുന്ന കസേരയുടെ അടിഭാഗം തകർന്നതാണ്. ഇതിനു മുകളിൽ കയറി നിൽക്കാൻ കഴിയില്ല. അവനെ അഴിച്ചുകിടത്തിയവർ ആശുപ്രതിയിലെത്തിക്കാൻ ശ്രമിക്കാതിരുന്നതും ദുരൂഹ ഉയർത്തുന്നതാണ്. മരിക്കുന്ന ദിവസം പുലർച്ചെ 1.56 വരെ അവൻ വാട്‌സാപ്പിൽ ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. അവന്‍റെ ഫോൺ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 30-11-2021 ന് രാത്രി ഹോസ്റ്റലിലും കോളജിലും അലങ്കരിച്ചിരുന്നു. ഹോസ്റ്റലിലെ ഒരു വിദ്യാർഥിക്ക് അന്നേദിവസം രാത്രി തലയ്ക്ക് മുറിവേറ്റതായി പ്രിൻസിപ്പൽ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ബന്ധുക്കൾ വരുന്നതിന് മുമ്പ് തന്നെ തിരക്ക് പിടിച്ച് പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോളജിലെ കുട്ടികളുമായി ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോൾ അവർ പരസ്‌പര വിരുദ്ധമായിട്ടാണ് സംഗതി വിശദീകരിക്കുന്നത്. അപ്രകാരം തന്നെ ഹോസ്റ്റലിൽ ചാർജുള്ള അധ്യാപകൻ രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നില്ല . അവന്‍റെ റൂംമേറ്റ് സംഭവദിവസം ഹോസ്റ്റലിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മറ്റുകുട്ടികളെല്ലാം അശ്വന്തിന്‍റെ വീട്ടിൽ വന്നെങ്കിലും ആ വിദ്യാർഥി വരികയുണ്ടായില്ല. ആ കുട്ടി പിന്നീട് കോളജിൽ വന്നിട്ടില്ലെന്നും അറിഞ്ഞു. എന്നാൽ ആ വിദ്യാർഥിയെ വിശദമായി ചോദ്യചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.
അസ്വാഭാവിക മരണത്തിന് എടക്കാട് പൊലീസ് (കണ്ണൂർ ജില്ല) കേസ് രജിസ്റ്റർ
ചെയ്‌ത് അന്വേഷണം ആരംഭിച്ചെങ്കിലും അതീവ ഗുരുതരമായ അനാസ്ഥയും
അലംഭാവവുമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
പലതവണ അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായി ഒരു മറുപടി
തരാനോ അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കാനോ തയ്യാറായില്ല അശ്വന്തിന്‍റെ മൊബൈൽ ഫോൺ പരിശോധിക്കുകയോ ആയതിന് നടപടി സ്വീകരിക്കുകയോ ചെയ്‌തില്ല. കോളജ് ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ആളുകൾ പ്രവേശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മരണം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും അശ്വന്ത് ഉപയോഗിച്ച ഫോൺ പരിശോധിച്ച് വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അവന്‍റെ വാട്‌സ്‌ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചാൽ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ കഴിയുമെന്നറിഞ്ഞിട്ടും പൊലീസ് ഇതിനു വേണ്ട യാതൊരു നടപടിയും സ്വീകരിച്ചില്ല. ഓട്ടോറിക്ഷ ഓടിച്ച് ജീവിത മാർഗം കണ്ടെത്തുന്ന എന്‍റേത് നിർധന കുടുംബമാണ്. കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായ അശ്വന്ത് മരിച്ചതോടെ അവന്‍റെ അമ്മയും സഹോദരിയും അച്ഛമ്മയും അടങ്ങുന്ന കുടുംബം മാനസികമായി വളരെ തകർന്ന അവസ്ഥയിലാണ്. കേസിന്‍റെ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ വലിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള ഞങ്ങൾക്ക് കഴിയില്ല. ആയതിനാൽ
അശ്വന്തിന്‍റെ മരണത്തിന് ഉത്തരവാദിയായവരെ കണ്ടെത്തുവാൻ ഇപ്പോൾ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കഴിയില്ലെന്ന് ഞങ്ങൾ ന്യായമായും വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള ഒരു ദുരന്തം ഇനി ഒരു കുടുംബത്തിലും കലാലയത്തിലും ഉണ്ടാവാൻ പാടില്ലാത്തതാണ്. അതിനാൽ തന്നെ അശ്വന്തിന്‍റെ ദുരൂഹമരണം സംബന്ധിച്ച് (ക്രൈം നമ്പർ 121 എടക്കാട് പൊലീസ് സ്റ്റേഷൻ) ഉന്നതതല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുളള നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.