ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മിഷന്‍റെ നിർദേശത്തെ സ്വാഗതം ചെയ്‌ത് ഇടുക്കി. രണ്ട് വർഷം മുമ്പ് നടപ്പിലാക്കേണ്ടതായിരുന്നെങ്കിലും ഇപ്പോഴെങ്കിലും നടപടി ആരംഭിക്കുന്നത് സ്വാഗതാർഹമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സുരക്ഷ പരിശോധന 2026ൽ മതിയെന്ന തമിഴ്‌നാടിന്‍റെ വാദം തള്ളിയാണ് 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തികരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ജല കമ്മിഷൻ നിർദേശിച്ചത്.
2013ലാണ് അണക്കെട്ടില്‍ അവസാനമായി സുരക്ഷ പരിശോധന നടത്തിയത്. പരിശോധന നടത്തണമെന്ന് 2012ൽ സുപ്രീംകോടതി നിർദേശിച്ചെങ്കിലും നടപടി രണ്ട് വർഷം താമസിച്ചു. എങ്കിലും വയനാട് ദുരന്തം അടക്കമുള്ള സാഹചര്യത്തിൽ പരിശോധന നടത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് ഇടുക്കി എംപി പ്രതികരിച്ചു.
ഇന്‍റർനാഷണൽ ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ഡാം സുരക്ഷിതമെന്ന് അവർ അഭിപ്രായപ്പെട്ടാൽ ആശങ്കകൾ ഒഴിയുമെന്നും അല്ലാത്തപക്ഷം ഡീകമ്മിഷൻ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പെരിയാർ സമര സമിതി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം മുല്ലപ്പെരിയാറിന്‍റെ സുരക്ഷയിൽ വൻ ആശങ്കയാണ് ഉയർത്തുന്നത്. സുരക്ഷ പരിശോധനയിലൂടെ കേരളത്തിന് അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.