ഇടുക്കി: വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവിനെ ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം പി. സർക്കാർ വാഗ്‌ദാനം ചെയ്‌ത പണം അനുവദിക്കാത്തതിനാൽ യുവാവിനെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യാതിരിക്കുകയാണ്.7 ലക്ഷം രൂപ കിട്ടാത്തതിനാലാണ് യുവാവിനെ ഡിസ്‌ചാർജ് ചെയ്യാതിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കഴിഞ്ഞ മാർച്ച് 29 ന് ആണ് പള്ളിയിൽ പോയ വണ്ടിപ്പെരിയാർ സ്പ്രിങ് വാലിയിൽ രാജീവിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരാവസ്ഥയിലായ രാജീവിനെ വണ്ടിപ്പെരിയാറിലും പിന്നീട് വിദഗ്‌ദ ചികിത്സക്കായി പാല മാർ സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾ തകർന്ന രാജീവ് തലനാരിഴക്കാണ് ജീവൻ നിലനിർത്തിയത്.
ജനവാസ മേഖലയിൽ ഇറങ്ങി കാട്ടുപോത്ത് ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ കനത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് എംഎൽഎയുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആശുപത്രിയിലെ ചികിത്സ ചിലവ് സർക്കാർ വഹിക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കിയിരുന്നു. 20 ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയെങ്കിലും കഴിഞ്ഞ 17 ന് വീണ്ടും ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആദ്യഘട്ട ചികിത്സയിൽ ആറു ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 2 ലക്ഷം രൂപയുമാണ് ചികിത്സയ്ക്ക് ചിലവായത്. ഇതിൽ ഒരു ലക്ഷം രൂപ മാത്രമാണ് ആശുപത്രിയിൽ അടച്ചിട്ടുള്ളത്. മുഴുവൻ തുകയും അടക്കാതെ ഡിസ്‌ചാർജ് ചെയ്യില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാഗ്‌ദാനം ചെയ്‌ത ചികിത്സ ചിലവ് നൽകാതെ സർക്കാർ കബളിപ്പിക്കുകയാണെന്നാണ് രാജീവിൻ്റെ കുടുംബം പറയുന്നത്. ഇക്കാര്യത്തിൽ മനുഷ്യത്വപരമായ ഇടപെടൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Also Read: ഡ്യൂട്ടിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടുപോത്ത് ആക്രമിച്ചു ; ഗുരുതര പരിക്ക്