ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ചു വോട്ട് ചെയ്‌തു എന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്‌റ്റ് ചെയ്‌ത് പ്രചരിപ്പിച്ച എല്‍ഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിനെതിരെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് വക്കീൽ നോട്ടീസ് അയച്ചു. പൗരത്വ ഭേദഗതി നിയമം പാർലമെന്‍റിൽ അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് അതിനെ എതിർത്തില്ലെന്നും അനുകൂലിച്ചു വോട്ട് ചെയ്‌തുവെന്നുമാണ് തന്‍റെ സമൂഹ മാധ്യമ അകൗണ്ടിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ ജോയ്‌സ് ജോർജ്ജ് പറഞ്ഞത്.
എന്നാൽ നിയമം പാർലമെന്‍റിൽ അവതരിപ്പിച്ചപ്പോൾ താൻ അതിനെ എതിർത്തു വോട്ട് ചെയ്‌തെന്ന് ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. പ്രസ്‌തുത ആരോപണങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നും പാർലമെന്‍റിൽ എതിർത്ത് വോട്ട് ചെയ്‌തത് തത്സമയം എല്ലാവരും കണ്ടതാണെന്നും ഡീൻ പറഞ്ഞു.
ദുരുദ്ദേശത്തോടു കൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സമൂഹ മധ്യത്തിൽ തന്‍റെ പേര് മോശമാക്കാനും സമ്മതിദായകരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനുമാണ് എൽഡിഫ് സ്ഥാനാർത്ഥി കൂടിയായ ജോയ്‌സ് ജോർജ്ജ് ശ്രമിച്ചതെന്ന് ഡീൻ ആരോപിച്ചു. ആരോപണം പിൻവലിച്ച് 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിലെ മുതിർന്ന അഭിഭാഷകൻ ആയ അഡ്വ. റെജി ജി നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.
പൗരത്വ നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് തൊടുപുഴ മങ്ങാട്ടു കവല ബസ് സ്‌റ്റാൻഡിൽ പാതിരാ സമരാഗ്നി എന്ന പേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാഗ്രഹത്തിനെതിരെയാണ് ജോയ്‌സ് ജോർജ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വീഡിയോ പോസ്‌റ്റ് ചെയ്‌തത് എന്നാണ് ആരോപണം.