തിരുവനന്തപുരം : സമരാഗ്നിയുടെ സമാപന വേദിയിൽ ദേശീയ ഗാനം പാടി തെറ്റിച്ച് ഡിസിസി അധ്യക്ഷൻ പാലോട് രവി. പരിപാടി അവസാനിച്ചതിന് ശേഷമായിരുന്നു ആദ്യ വരി പാലോട് രവി തെറ്റിച്ച് പാടിയത്. 'ജനഗണ മന മംഗളദായെ' എന്നായിരുന്നു പാടിയത് (Palode Ravi Sang National Anthem Wrongly).
ഉടൻ തന്നെ അടുത്തുനിന്ന ടി സിദ്ദിഖ് എംഎൽഎ ഇടപ്പെട്ട് പാട്ട് സിഡിയിൽ ഇടാമെന്ന് പറഞ്ഞെങ്കിലും ദേശീയ ഗാനാലാപനം അദ്ദേഹം തുടർന്നു. വേദിയിലെ ചിലർ ദേശീയ ഗാനം അദ്ദേഹത്തോടൊപ്പം തുടർന്നും ആലപിച്ചു. ശേഷം പരിപാടി അവസാനിക്കുകയും ചെയ്‌തു.
സമരാഗ്നിയുടെ സമാപന ചടങ്ങ് അവസാനിക്കുന്നതിന് മുൻപ് സദസ് കാലിയായതിന്‍റെ നീരസം പിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പരസ്യമാക്കിയിരുന്നു. പിന്നാലെ പ്രസംഗിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കെപിസിസി പ്രസിഡന്‍റിന്‍റെ പരാമർശത്തിന് മറുപടിയും നൽകി.
താൻ ദീർഘമായി പ്രസംഗിക്കുന്നില്ലെന്നും കളം കാലിയായത് കൊണ്ടാണെന്നും പറഞ്ഞുകൊണ്ടായിരുന്നു കെ സുധാകരൻ വേദിയിൽ പ്രസംഗം ആരംഭിച്ചത്. കുറച്ചുനേരം കൂടിയിരുന്നാൽ ലോകം അവസാനിക്കുമൊയെന്നും അദ്ദേഹം ബാക്കിയായ പ്രവർത്തകരോട് ചോദിച്ചു. പാവം പ്രവർത്തകർ 5 മണിക്കൂറായി വെയിലത്ത് നിൽക്കുകയായിരുന്നെന്നും പ്രസിഡന്‍റിന് വിഷമം വേണ്ടെന്നുമായിരുന്നു പിന്നാലെ പ്രസംഗിക്കാനെത്തിയ പ്രതിപക്ഷ നേതാവിന്‍റെ വാചകങ്ങൾ.