മലപ്പുറം: വടകരയിലെ ഇടത് സ്ഥാനാർഥി കെ കെ ഷൈലജയ്‌ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ അപവാദ പ്രചാരണം നടത്തിയെന്ന വിഷയത്തില്‍ മൗനം പാലിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി മടങ്ങി. ഷൈലജയുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി ചോദിച്ചപ്പോള്‍ സമദാനി ജയിക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപവാദപ്രചാരണം നടത്തിയെന്ന വിവാദത്തിലാണ് കുഞ്ഞാലിക്കുട്ടിയോട് പ്രതികരണം തേടിയത്. എന്നാല്‍ ഷൈലജ ടീച്ചര്‍ക്കെതിരായ അപവദപ്രചാരണത്തിന്‍റെ കാര്യം ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. ഷൈലജയെ കുറിച്ചുള്ള ചോദ്യത്തിനും സമദാനി പൊന്നാനിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നായിരുന്നു മറുപടി.
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ തനിക്കെതിരെ വലിയതോതില്‍ വ്യക്തിയധിക്ഷേപവും അപവാദ പ്രചാരണവും നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി കെ കെ ഷൈലജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ഷൈലജ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. ഇതിനു പിന്നാലെ ലീഗ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ടി എച്ച് അസ്ലമിനെതിരെ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്‍റെ അറിവോടെയാണ് തനിക്കെതിരായ വ്യാജ പ്രചാരണമെന്ന് ഷൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്‌ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായും പരാതിയില്‍ പറഞ്ഞ കെ കെ ഷൈലജ ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.