തിരുവനന്തപുരം: വീട്ടുജോലിക്കാരിയുടെ സഹായത്തോടെ കൊളളയടിക്കാന്‍ ഇറങ്ങിത്തിരിച്ച നേപ്പാള്‍ സ്വദേശി രാം കുമാറാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്(Theft Case Accused Died In Police Custody At Varkala Kerala ). വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലാണ് രാം കുമാര്‍ പൊലീസിന്‍റെ പിടിയിലായത്. അയിരൂര്‍ പൊലീസ് കോടതിയില്‍ എത്തിച്ചപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
ഹരിഹരപുരം എല്‍പി സ്‌കൂളിനു സമീപത്തെ വീട്ടില്‍ മോഷണം നടത്തുന്നതിനിടെയാണ് രാം കുമാര്‍ പിടിയിലായത്. വീട്ടില്‍ ശ്രീദേവിയമ്മ, മരുമകളും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ദീപ, ഹോം നഴ്‌സായ സിന്ധു എന്നിവരായിരുന്നു താമസം. വീട്ടുകാരെ മയക്കിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു രാം കുമാറിന്‍റെ ലക്ഷ്യം. വീട്ടില്‍ പുറം ജോലികള്‍ക്കും അടുക്കള ജോലിക്കും നേപ്പാള്‍ സ്വദേശിയെ നിറുത്തിയിരുന്നു. രാം കുമാര്‍ നേപ്പാള്‍ സ്വദേശിയായ സ്ത്രീയെ വശത്താക്കി, പിന്നീട് അത്താഴത്തില്‍ മയക്കുമരുന്ന് കലര്‍ത്താന്‍ നിര്‍ദ്ദേശിച്ചു.
അത്താഴം കഴിഞ്ഞ് വീട്ടുകാര്‍ ഉറങ്ങിയെന്ന് ഉറപ്പാക്കിയ രാം കുമാര്‍ വീട്ടില്‍ മോഷണത്തിനെത്തി. എന്നാല്‍ ഭാഗ്യം രാം കുമാറിനെ തുണച്ചില്ല. ബംഗളൂരുവില്‍ ജോലിചെയ്യുന്ന ശ്രീദേവിയമ്മയുടെ മകന്‍ രാത്രി വീട്ടിലേക്ക് ഫോണ്‍ ചെയ്‌തിരുന്നു. ആരും ഫോണെടുക്കാതിരുന്നതില്‍ അസ്വാഭികത തോന്നയ യുവാവ് അടുത്ത വീട്ടുകാരോട് കാര്യം തിരക്കി, അയല്‍ക്കാര്‍ എത്തുമ്പോള്‍ രാംകുമാര്‍ തകൃതിയായി മോഷ്‌ടിക്കുന്ന കാഴ്ചയാണ് കണ്ടത്. വീട്ടുകാര്‍ ബോധരഹിതരായ നിലയിലും.
ആള്‍ക്കുട്ടത്തെ കണ്ട് മോഷ്ടാക്കള്‍ ഓടിയെങ്കിലും രാം കുമാര്‍ അവിടെ ഒരു കമ്പിയില്‍ കുടുങ്ങി, പിന്നെ പൊലീസിന്‍റെ കസ്റ്റഡിയിലുമായി. ഇയാളില്‍ നിന്ന് പണവും സ്വര്‍ണവും കണ്ടെത്തിയിരുന്നു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്.