കോഴിക്കോട്: നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ വീണ്ടും വിള്ളൽ. പന്തീരാങ്കാവിന് സമീപം ചാലിക്കരയിലാണ് റോഡിൽ ആഴത്തിൽ വിള്ളൽ വന്ന് ദേശീയ പാതയ്ക്ക് തകർച്ച ഭീഷണി നേരിടുന്നത്. മൂന്നുദിവസം മുമ്പാണ് പന്തീരാങ്കാവിന് സമീപം ദേശീയപാതയിൽ വിള്ളൽ വീണത്. ചാലിക്കരയിലുള്ള അണ്ടർപ്പാസിന് മുകളിലാണ് ആഴത്തിൽ വിള്ളൽ വീണ് റോഡ് രണ്ട് ഭാഗത്തേക്ക് നീങ്ങിപ്പോയത്.
നിർമ്മാണത്തിലെ അപാകതയാണ് റോഡിൽ ആഴത്തിൽ വിള്ളൽ വീഴാൻ കാരണമെന്നാണ് ആരോപണം. ഈ ഭാഗത്ത് റോഡിൽ പലയിടങ്ങളിലായി വ്യാപകമായി വിള്ളലുകളും ഉണ്ടായിട്ടുണ്ട്. രണ്ടുമാസം മുൻപ് ഇതിനു സമീപത്ത് ചിറക്കൽ ദേവീ ക്ഷേത്രത്തിനോട് ചേർന്ന് സർവീസ് റോഡ് അൻപത് മീറ്ററോളം നീളത്തിൽ ഇടിഞ്ഞു വീണിരുന്നു.
ഇതിനെ തുടർന്ന് മൂന്ന് വീടുകളും ചിറക്കൽ ക്ഷേത്രവും തകർന്നു. അതിനിടയിലാണ് ഇപ്പോൾ വീണ്ടും പ്രധാന റോഡിലും ആഴത്തിൽ വിള്ളൽ കണ്ടത്. അതേസമയം റോഡിൽ ഇപ്പോൾ വിള്ളൽ വീണ ഭാഗത്ത് പുതിയ പ്ലാൻ തയ്യാറാക്കി പൂർണ്ണമായും റോഡ് പൊളിച്ചു നീക്കി പുതുതായി നിർമ്മിക്കുമെന്നാണ് കരാർ കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.
എന്നാൽ നിർമ്മാണത്തിനിടയിൽ തന്നെ ഇത്തരത്തിൽ അടിക്കടി റോഡ് തകരാൻ തുടങ്ങിയതോടെ വലിയ ആശങ്കയാണ് ഉയരുന്നത്.