തിരുവനന്തപുരം : ശക്തമായ സമരമുറകൾ പുറത്തെടുത്തതോടെ ഉദ്യോഗാർത്ഥികളുമായി ആദ്യമായി ചർച്ച നടത്തി സംസ്ഥാന പൊലീസ് മേധാവികൾ (Civil Police Officer Rank List). ഡിജിപി ശൈഖ് ദർവേശ് സാഹിബ്, എഡിജിപി എം ആർ അജിത് കുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു എന്നിവരാണ് ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
പൊലീസ് സേനയിൽ പുതിയ തസ്‌തികകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2023 ഡിസംബറിൽ ഡിജിപി സർക്കാരിലേക്ക് നൽകിയ ഫയലിൻമേൽ അടിയന്തര നടപടി എടുക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ഉന്നത പൊലീസ് മേധാവികൾ ഉറപ്പുനൽകി.
സമരം ആരംഭിച്ച 20 ദിവസത്തിനിടെ ഇത് ആദ്യമായാണ് സർക്കാർ മേധാവികളിൽ നിന്ന് ഒരു ചർച്ച നടന്നത് .
കുടുംബങ്ങൾക്കൊപ്പം ഉദ്യോഗാർഥികൾ തലസ്ഥാനത്തെ ഹൃദയഭാഗമായ സ്റ്റാച്ചുവിൽ റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയാണ് ഉദ്യോഗാർത്ഥികൾ പുതിയ സമര രീതി പുറത്തെടുത്തത്. രാവിലെ മുതൽ വൈകുന്നേരം 6 മണി വരെ ഉദ്യോഗാർത്ഥികൾ എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തി. തുടർന്ന് പൊലീസ് വളരെ നേരത്തെ പരിശ്രമത്തിനോടുവിൽ ബലംപ്രയോഗിച്ചാണ് ഇവരെ മാറ്റിയത്.
സമരത്തിന്‍റെ ആദ്യ ദിനങ്ങളിൽ തലമുണ്ഡനം ചെയ്‌ത സെക്രട്ടറിയേറ്റിനു മുന്നിൽ ക്ഷയനപ്രതിക്ഷണം നടത്തിയുമാണ് ഉദ്യോഗാർത്ഥികൾ സമരം ചെയ്‌തിരുന്നത്. എന്നാൽ ഈ സമരങ്ങളെല്ലാം സർക്കാർ അവഗണിച്ചിരുന്നു. ആവശ്യം അംഗീകരിക്കുന്നത് വരെ റോഡിൽ നിന്ന് മാറില്ലെന്നും പ്രധാന റോഡിന്‍റെ ഒരു വശം പൂർണ്ണമായും സ്‌തംഭിപ്പിക്കും എന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
2019 ൽ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍റെ പരീക്ഷ നടന്നത് 2021 ലാണ്. പി എസ് സി യുടെ പരിഷ്‌കരണം പ്രകാരം 2 ഘട്ടമായിരുന്നു പരീക്ഷ. തുടർന്ന് കായിക ക്ഷമത പരീക്ഷയും കഴിഞ് 2023 ഏപ്രിൽ 13 നാണ് റാങ്ക് ലിസ്റ്റ് വന്നത്. ഈ ലിസ്റ്റിന്‍റെ കാലാവധി 2024 ഏപ്രിൽ 13 ന് അവസാനിക്കും. എന്നാൽ ഇതുവരെ ലിസ്റ്റിലെ 21% പേർക്ക് മാത്രമേ നിയമനം നൽകിയിട്ടുള്ളു. കാലാവധി കഴിഞ്ഞാൽ ലിസ്റ്റിലെ പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. ഉദ്യോഗാർഥികളിൽ പലർക്കും പ്രായ പരിധി കഴിഞ്ഞിരിക്കുകയാണ്.
സർക്കാർ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.