തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നീണ്ട 63 ദിവസത്തെ സമരമവസാനിപ്പിച്ച് സിപിഒ റാങ്ക് ലിസ്‌റ്റിലെ ഉദ്യോഗാർഥികൾ. ആദ്യ ദിനം മുതൽ മൊട്ടയടിച്ചും മണ്ണ് തിന്നും മുട്ടിലിഴഞ്ഞും ജോലി യാചിച്ച ഉദ്യോഗാർഥികൾ ഒടുവിൽ ഉറക്കമിളച്ച് പഠിച്ച പുസ്‌തകം കീറി കത്തിച്ചാണ് സമരമവസാനിപ്പിച്ചത്.
2013 ഏപ്രിൽ മാസം നിലവിൽ വന്ന 13,975 പേർ ഉൾപ്പെട്ട സിപിഒ റാങ്ക് ലിസ്‌റ്റ് 530/2019 ന്‍റെ കാലാവധി ഇന്നലെ അർദ്ധരാത്രിയാണ് അവസാനിച്ചത്. അവസാന ദിവസമായ ഇന്നലെ പെരുമഴയിൽ ശയന പ്രദക്ഷിണം നടത്തിയായിരുന്നു പ്രതിഷേധം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മുഴുവൻ നവകേരള സദസുകളിലും പരാതികളെത്തിച്ചു, തുടർന്ന് നടന്ന യുവജനങ്ങളുമായുള്ള മുഖാമുഖത്തിലും അപേക്ഷ നൽകി.
ചർച്ചക്ക് പോലും ആരും ക്ഷണിച്ചില്ല. 13,975 പേരുള്ള റാങ്ക് ലിസ്‌റ്റിൽ നിന്ന് 30 ശതമാനത്തിൽ താഴെ മാത്രമേ ഇതു വരെ നിയമനം നൽകിയിട്ടുള്ളു. വിഷയത്തിൽ നിയമ സാധ്യത മാത്രം മുന്നിൽ കണ്ടു സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
എത്ര തിരിച്ചടി കിട്ടിയാലും നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. അവസാന ആശ്രയമായി പല വാതിലുകളും മുട്ടി. സർക്കാരോ പിഎസ്‌സിയോ ഒരു ചർച്ചക്ക് പോലും ക്ഷണിച്ചില്ലെന്നും സോഷ്യൽ മീഡിയ വഴിയും സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുകൾ ഉൾപ്പെട്ട റാങ്ക് പട്ടിക 2023 ഏപ്രിൽ 13 നായിരുന്നു നിലവിൽ വന്നത്. എന്നാൽ ഈ ലിസ്‌റ്റിൽ നിന്ന് നിയമന കത്ത് ലഭിച്ചത് 4029 പേർക്ക് മാത്രം. മുൻ റാങ്ക് പട്ടികയിൽ നിന്ന് 5610 പേർക്കായിരുന്നു നിയമനം ലഭിച്ചത്. ഈ സംഖ്യയിലേക്ക് നിയമനം ഇത്തവണയും എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്നലെ അർദ്ധരാത്രി അവസാനിച്ചത്.
മുൻ ലിസ്‌റ്റിലും ഇപ്പോഴത്തെ ലിസ്‌റ്റിലും ഉൾപ്പെട്ട പലരും പ്രായപരിധി കഴിഞ്ഞവരുമാണ്. അംഗ ബലമില്ലാതെ പൊലീസ് സേന വലയുന്നതിനിടെയാണ് 5 വർഷത്തോളം നിയമനത്തിനായി കാത്തിരുന്ന ആയിരകണക്കിന് യുവാക്കളുടെ സ്വപ്‌നങ്ങൾ എവിടെയുമെത്താതെ റോഡരികിൽ അസ്‌തമിക്കുന്നത്.