തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായേക്കും. എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം നിലപാട്. ഇന്നലെ കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലനും മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം കുടുംബത്തെ അപമാനിക്കാനെന്ന് എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ എങ്ങനെയാണ് വീണ്ടും അന്വേഷണം ഉണ്ടാകുന്നത്?. കോടതി ഒരു നോട്ടിസ് പോലും ഇതുവരെ അയച്ചിട്ടില്ല. പിണറായിക്കോ കുടുംബത്തിനോ എതിരെ പ്രതികൂല വിധി ഉണ്ടാകില്ലെന്നും ആരൊക്കെ വേട്ടയാടിയാലും നിയമ വ്യവസ്ഥ അവര്‍ക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വീണ വിജയനെതിരെ ഏതന്വേഷണവും വരട്ടെയെന്നാണ് എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. സി.ബി.ഐയേക്കാള്‍ വലുതല്ലല്ലോ എസ്.എഫ്.ഐ.ഒ അന്വേഷണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കൂടുതല്‍ പ്രതികരിക്കുന്നതിന് സി.പി.എം സംസ്ഥാന സെക്രട്ടറി തയ്യാറായില്ല.
എക്‌സാലോജിക് വിഷയം കേന്ദ്ര കമ്മിറ്റി വിഷയമല്ലെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വിഷയം സംസ്ഥാന കമ്മിറ്റി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എക്‌സാലോജിക് വിഷയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യേണ്ടതില്ല. സംസ്ഥാന വിഷയമാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും കെല്‍പ്പുള്ളവരാണ് സംസ്ഥാനത്തെ നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഇന്നലെ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിന്‍റെ അവലോകനവും ഈമാസം എട്ടിന് ഡല്‍ഹിയില്‍ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിന്‍റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ആയേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് വിവിധ കക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ പ്രാഥമിക കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്. ഇക്കഴിഞ്ഞ മുപ്പതിന് തിരുവനന്തപുരത്ത് ഇഎംഎസ് അക്കാദമിയില്‍ അവസാനിച്ച രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനക്കുറിച്ചുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ പൊതുതെരഞ്ഞെടുപ്പിനേക്കാള്‍ സിപിഎമ്മിന് ചങ്കിടിപ്പ് വീണ വിജയന്‍റെ എക്‌സാലോജിക് വിഷയത്തിലാണെന്ന വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഇനി പരീക്ഷണങ്ങളുടെ എട്ട് മാസക്കാലമാണെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന കാലാവധിയാണിത്.
Also Read: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ തുടങ്ങും; ലോക്‌സഭ തെരഞ്ഞെടുപ്പ് മുഖ്യ ചര്‍ച്ച വിഷയം
ഇതിനിടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പോരാട്ടത്തേക്കാൾ, സവിശേഷ അധികാരങ്ങളുള്ള ഉന്നത ഏജൻസിയുടെ അന്വേഷണം തന്നെയാണ് മുഖ്യമന്ത്രിക്കും വീണയ്ക്കായി പ്രതിരോധം തീർത്ത പാർട്ടിക്കും കൂടുതൽ കടുത്ത വെല്ലുവിളി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കഠിനമായ നടപടികൾ കേന്ദ്ര ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്ന ആശങ്കയും ഇടതുകേന്ദ്രങ്ങളിലുണ്ട്.