കണ്ണൂർ: കട്ടൻചായയും പരിപ്പുവടയും കഴിച്ച്, താടിയും മുടിയും നീട്ടി ബെഞ്ചിൽ കിടന്നുറങ്ങി പാർട്ടി വളർത്താനാവില്ലെന്ന് പറഞ്ഞ് വിവാദങ്ങൾക്ക് തുടക്കമിട്ട നേതാവ് പതിയെ പടിയിറങ്ങുകയാണ്. 15 വർഷം മുമ്പ് കണ്ണൂർ മൊറാഴയിലെ ഡിവൈഎഫ്ഐ പരിപാടിയിൽ വച്ചായിരുന്നു ഇപിയുടെ പ്രസംഗം. യന്ത്രവത്കരണത്തിന് എതിരെ സിഐടിയു സമരം നടത്തുമ്പോൾ യന്ത്രക്കല്ല് ഉപയോഗിച്ച് വീട് പണിത് ഇപി തന്‍റെ പാർട്ടിയിലെ വ്യതിയാനം രേഖപ്പെടുത്തി.
ഓൺലൈൻ ലോട്ടറി ചൂതാട്ടത്തിന് എതിരെ രാജ്യമാകെ നടപടിക്ക് ഒരുങ്ങുമ്പോൾ കമ്മ്യൂണിസ്‌റ്റ് പാർട്ടി നയങ്ങൾക്ക് വിഭിന്നമായി ലോട്ടറി മാഫിയ കിങ് സാന്‍റിയാഗോ മാർട്ടിനിൽ നിന്ന് ദേശാഭിമാനിയുടെ പേരിൽ രണ്ട് കോടി കൈപറ്റി ഇപി പിന്നെയും വിവാദ നായകനായി. ദേശാഭിമാനിയുടെ പേരിലുള്ള ഭൂമി വിൽക്കാൻ ശ്രമിച്ച് പാർട്ടിക്ക് പിന്നെയും കളങ്കം ചാർത്തി അദ്ദേഹം വാർത്തകളിൽ ഇടം നേടി. തെറ്റുതിരുത്താൻ പാലക്കാട് പ്ലീനം ചേർന്നപ്പോൾ വിവാദ വ്യവസായി വിഎം രാധാകൃഷ്‌ണന്‍റെ പരസ്യം വാങ്ങി ഇപി പാർട്ടിയെ വീണ്ടും കളങ്കപ്പെടുത്തി.
ആദ്യ പിണറായി സർക്കാർ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരിക്കെ സ്വന്തക്കാർക്ക് ജോലി കൊടുത്ത് വീണ്ടും വിവാദത്തിൽപ്പെട്ടു. ഒടുവിൽ മന്ത്രിസ്ഥാനം രാജിവച്ച് പാർട്ടിക്കും മുന്നണിക്കും പേരുദോഷം വരുത്തി. മൊറാഴയിൽ കോടികൾ ചിലവിട്ട് റിസോർട്ട് പണിതതായിരുന്നു ഇപി ഉണ്ടാക്കിയ മറ്റൊരു തലവേദന. റിസോർട്ട് ബന്ധം ചർച്ചയായപ്പോൾ ഓഹരികൾ വിറ്റ് തടിയൂരി. വിറ്റത് ബിജെപി നേതാവിന്‍റെ സ്ഥാപനത്തിന് ആയിരുന്നുവെന്നത് പാർട്ടിക്ക് മറ്റൊരു അപമാനമായി.
സിപിഎം സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ വിട്ടുനിന്ന് ഇപി പ്രതിഷേധിച്ചു. മാധ്യമങ്ങളിൽ ആ സംഭവം അന്ന് നിറഞ്ഞ് നിന്നിരുന്നു. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എംവി ഗോവിന്ദനെ സെക്രട്ടറിയാക്കിയതിലെ പിണക്കമായിരുന്നു അതിന് കാരണം.
വിമാനത്തിൽ മാന്യതവിട്ട് പെരുമാറിയതിന് ഇൻഡിഗോ വിലക്കിയതിനോടുള്ള പ്രതികരണവും മറ്റും പാർട്ടിയെ പോലും പരിഹാസച്ചുഴിയിൽ കൊണ്ടെത്തിച്ചു. ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്നായിരുന്നു ഇപിയുടെ നിലപാട്.
ബിജെപിയിൽ ചേരാൻ ഇപിയുമായി ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ വെളിപ്പെടുത്തൽ സിപിഎമ്മിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്‌ചയും ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധവും കൂടിയായപ്പോൾ ഇപി പൂർണമായും പരിധിവിട്ട് കഴിഞ്ഞിരുന്നു. അതിന്‍റെ ഏറ്റവും ഒടിവിലത്തെ നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
ഇടത് മുന്നണി കൺവീനർ സ്ഥാനം മാത്രമല്ല പാർട്ടി അംഗത്വം തന്നെ പോയോക്കുമെന്നാണ് ചർച്ച. ഇപി ജയരാജൻ അങ്ങനെയാണ്. മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയും. വിട്ടു നിൽക്കും, പിണങ്ങും, പരിഭവിക്കും. പക്ഷേ ഇപ്പോൾ കളി കാര്യമായിഎന്ന് മാത്രം.
ഇപിയുടെ രാഷ്ട്രീയ ജീവിതത്തിനുമേൽ കറുത്ത മേഘങ്ങൾ മൂടിക്കഴിഞ്ഞു. വിവാദങ്ങളുടെ രണ്ടക്ഷരമാണ് ഇപി. ഓരോ തവണ വിവാദങ്ങളിൽ പെടുമ്പോഴും പിന്തുണച്ചിരുന്ന പിണറായിയും ഇന്ന് കയ്യൊഴിഞ്ഞിരിക്കുന്നു. എംവി രാഘവനും കെആർ ഗൗരിയമ്മയ്ക്കും ശേഷം കണ്ണൂരിന്‍റെ ചുവന്ന മണ്ണിൽ നിന്നും മറ്റൊരു വലിയ നേതാവ് കൂടി പടിയിറങ്ങുമ്പോൾ കണ്ണൂർ പാർട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ കൂടിയാണ് ചർച്ച ചെയ്യപ്പെടുന്നത്.