തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു പുറത്തായതിനു പിന്നാലെ അടുത്ത നീക്കം ശശിയിലേക്കോ എന്ന ചോദ്യം സിപിഎമ്മില്‍ ശക്തമാകുന്നു. ജയരാജനെതിരെ ആരോപണമുയര്‍ന്ന് മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിനെതിരായ നടപടിയിലേക്ക് പാര്‍ട്ടി നീങ്ങിയത് മുഖ്യമന്ത്രി അറിയാതെയെന്നു കരുതുന്നവര്‍ സിപിഎമ്മിലാരുമുണ്ടാകില്ല.
മാത്രമല്ല, നിര്‍ണായക സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ വിശ്വസ്‌തന്‍ കൂടിയായ ഇപിയെ കൈ വിടുകയും ചെയ്‌തു. അതായത് ആരും പാര്‍ട്ടിക്കു മുകളിലല്ല, എന്ന കാര്യത്തില്‍ താന്‍ പാര്‍ട്ടിക്കൊപ്പമാണ് എന്ന വ്യക്തമായ സന്ദേശം അദ്ദേഹം നല്‍കുന്നു എന്ന വിലയിരുത്തലാണ് പൊതുവേ. ജയരാജന്‍റെ നടപടിയോടെ സിപിഎമ്മില്‍ തല്‍ക്കാലം എല്ലാം കെട്ടടങ്ങിയെന്നു കരുതിയവര്‍ക്ക് തെറ്റുകയാണ്. സിപിഎമ്മിനു വേണ്ടി എന്തു ചാവേര്‍ പണിക്കും മുന്നില്‍ നിന്ന പിവി അന്‍വര്‍ പൊടുന്നനേ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിക്കെതിരെ നീങ്ങിയതാണ് ഇപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
പൊലീസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മലപ്പുറം എസ്‌പി ശശിധരനെ വേദിയിലിരുത്തി പരസ്യമായി വിമര്‍ശിച്ചത് ശശിധരനോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണെന്നാണ് പൊതുവേ കരുതിയതെങ്കിലും അനുദിനം അദ്ദേഹം നടത്തുന്ന ഒന്നൊന്നായുള്ള വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നത് എല്ലാം കരുതുക്കൂട്ടി തന്നെയെന്നാണ്. ശശിധരനെ വിമര്‍ശിച്ചതിനു പിന്നാലെ മുന്‍ മലപ്പുറം എസ്‌പി സുജിത് ദാസ് താനുമായി സംസാരിക്കുന്ന ഒരു ടെലിഫോണ്‍ സംഭാഷണം അന്‍വര്‍ പുറത്തു വിട്ടു.
ഈ സംഭാഷണത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയെയും പേരെടുത്തു പറഞ്ഞ് അന്‍വര്‍ വിമര്‍ശിക്കുന്നത്. മാത്രമല്ല, എംആര്‍ അജിത്കുമാറിന്‍റെ ബന്ധം മുഴുവന്‍ കേരളത്തിലെ വമ്പന്‍ കച്ചവടക്കാരുമായിട്ടാണെന്നും അതിനു കുടപിടിച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നും അന്‍വര്‍ എസ്‌പി സുജിത് ദാസിനോടു പറയുകയും ചെയ്യുന്നു.
ഇതൊക്കെ ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ ആകസ്‌മികമായി വന്നതാണെന്ന് കരുതുക വയ്യ. ഫോണ്‍ സംഭാഷണം അന്‍വര്‍ പുറത്തു വിട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇതിനു പിന്നാലെ പിറ്റേ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അതിനടുത്ത ദിവസത്തെ വാര്‍ത്താ സമ്മേളനത്തിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് അജിത്കുമാറിനെ കുറിച്ച് അന്‍വര്‍ ഉന്നയിച്ചത്.
ഇതിലൊക്കെയും അജിത്കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്ന ആരോപണം അന്‍വര്‍ ആവര്‍ത്തിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെയോ മുഖ്യമന്ത്രിയുടെയോ അറിവില്ലാതെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാകുന്ന ആരോപണം അന്‍വര്‍ ഉന്നയിക്കുമെന്ന് കരുതുക വയ്യ. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ശശിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രി അറിയാതെ പൊലീസ് ഉദ്യോഗസ്ഥരുമായി ശശിക്കുള്ള രഹസ്യ ബാന്ധവവും അതുമായി ബന്ധപ്പെട്ട ചില ഇടപാടകുകളും യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസിന്‍റെ ഇമേജ് പൊതുമദ്ധ്യത്തില്‍ മോശമായതും തെരഞ്ഞെടുപ്പു പരാജയമായി ചൂണ്ടിക്കാട്ടിയത് മുഖ്യമന്ത്രിക്കെതിരായ പരോക്ഷ വിമര്‍ശനമായും വിലയിരുത്തപ്പെട്ടു.
പൊലീസ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് ശശിയുടെ പ്രവര്‍ത്തനങ്ങളെന്ന ആരോപണങ്ങളും ഉയര്‍ന്നു. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും അതു കഴിഞ്ഞ് കഷ്ടിച്ച് നാലുമാസങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിനു സമാനമായ ഒരു തിരിച്ചടി നേരിട്ടാല്‍ കേരളത്തിലെ സിപിഎമ്മിന്‍റെ നിലനില്‍പ്പു തന്നെ ചോദ്യ ചിഹ്നമാകുമെന്ന് നേതൃത്വം കണക്കു കൂട്ടുന്നു.
അതിനാല്‍ പുകഞ്ഞ കൊള്ളി പുറത്ത് എന്നതു തന്നെയാണ് സിപിഎം പാര്‍ട്ടിക്കുള്ളില്‍ നടത്തുന്ന ശുദ്ധീകരണത്തിന്‍റെ കാതല്‍. അതിനാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ശശിയുടെ പാര്‍ട്ടിയിലെ നില കൂടുതല്‍ പരുങ്ങളിലാകുന്നു എന്നു തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
പിവി അന്‍വറിന്‍റെ പൊടുന്നനേയുള്ള അവതാരപ്പിറവി ശശി എന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പദത്തിന്‍റെ നിഗ്രഹത്തിനെന്ന സംശയമാണ് കൂടുതല്‍ ബലപ്പെടുന്നത്. പാര്‍ട്ടിക്കുള്ളിലെ പദവിയല്ല പൊളിറ്റിക്കല്‍ സെക്രട്ടറി സഥാനം എന്നതിനാല്‍ സമ്മേളനം തുടങ്ങിക്കഴിഞ്ഞെന്ന സാങ്കേതികത ശശിക്കെതിരായ നീക്കത്തിനു തടസമാകുകയുമില്ല.