കണ്ണൂർ : അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം കലങ്ങി മറിയുകയാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എംവി ജയരാജന്‍റെ കനത്ത പരാജയം ഒരു പക്ഷേ പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നത് ആവാം. അതിനുമപ്പുറമാണ് ആണ് സിപിഎം മുൻ ജില്ല കമ്മിറ്റി അംഗം മനു തോമസിന്‍റെ പുറത്തേക്ക് പോക്കും പിജെ ജയരാജനുമായുള്ള പരസ്യ വാക്പോരും.
കഴിഞ്ഞ നാളുകളിൽ ഉയർന്നു വന്ന വാക്ക് പോരുകളിൽ ഒന്നും പി ജയരാജനെ പിന്തുണച്ച് കൊണ്ട് പാർട്ടി നേതൃത്വം രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ന് ചേർന്ന ജില്ല സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷവും ജില്ല സെക്രട്ടറി എംവി ജയരാജൻ മൗനം തുടർന്നപ്പോൾ മൗനം വിദ്വാന് ഭൂഷണമെന്ന ഒറ്റ വാചകത്തിൽ പി. ജയരാജൻ മറുപടി ഒതുക്കി.
ആരോപണം നിങ്ങൾക്ക് ഗുരുതരമായിരിക്കുമെന്ന വാചകം കൂടി ജയരാജൻ ഉപയോഗിച്ചു. ഒക്ടോബർ മാസത്തോടെ പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ഇപ്പോൾ പുകയടങ്ങുമെങ്കിലും പോര് ആളി കത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.
വിവാദത്തിൽ ആകെ ജയരാജനെ പിന്തുണച്ചത് ആകാശ് തില്ലങ്കേരി മാത്രമാണ്. കൊലപാതക കേസുകളിൽ മുൻപ് ജയരാജന്‍റെ പേര് ഉയർന്ന് കേട്ടിരുന്നെങ്കിലും സാമ്പത്തിക ആരോപണം ഉയരുന്നത് ഇത് ആദ്യമാണ്. സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെ 2019-ൽ വടകര ലോക്‌സഭ മണ്ഡലത്തിൽ മത്സരിപ്പിച്ചതോടെ സ്ഥാനം നഷ്‌ടമായ ജയരാജൻ എന്നും കണ്ണൂരിലെ ഒരു വിഭാഗത്തിന്‍റെ ആരാധന പാത്രമായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ ഒരുപറ്റം സഖാക്കൾ സൃഷ്‌ടിച്ച റെഡ് ആർമിയുടെയും പിജെ ആർമിയുടെയും തലപ്പത്ത് വരുന്നതിലൂടെയും ജയരാജൻ നിരന്തരം വാർത്തകളിൽ ഇടം നേടി. ഈ രാഷ്ട്രീയത്തിനെതിരെയാണ്
മുൻ ജില്ല കമ്മിറ്റി അംഗം മനു തോമസ് പോരാട്ടം തുടങ്ങിയതും.
വടകരയിൽ പരാജയപെട്ടതോടെ ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി അദ്ദേഹത്തിന് പാർട്ടി നൽകി. സിപിഎമ്മിന്‍റെ അധികാര കേന്ദ്രങ്ങൾ ഒക്കെയും പരന്നു കിടക്കുന്ന സിപിഎം കണ്ണൂർ രാഷ്ട്രീയം വരും നാളിലേക്ക് എവിടേക്ക് പോകുമെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
പ്രത്യയ ശാസ്ത്രത്തിൽ നിന്നുള്ള വ്യതിചലനമാണ് സിപിഎമ്മിൽ സംഭവിക്കുന്നത് എന്നും സിപിമ്മിൽ നിന്ന് തന്നെ തിരുത്തലുകൾ അനിവാര്യമായ ഘട്ടത്തിൽ ആണ് മനുവിന്‍റെ തുറന്നു പറച്ചിൽ എന്നും കെസി ഉമേഷ് ബാബുവിനെ പോലുള്ള ഇടത് നിരീക്ഷകർ പറയുന്നു.
സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണി കൺവീനർ ഇ പി ജയരാജനും ഒക്കെ സിപിഎമ്മിന്‍റെ സംഘടന സംവിധാനത്തിന്‍റെ കണ്ണൂർ ചിത്രങ്ങളായിരുന്നു. എന്നാൽ ബിജെപി നേതാവ് ജാവിദേക്കർ കൂടിക്കാഴ്‌ചയിലൂടെ അപമാനിതനായ ഇടത് മുന്നണി കൺവീനർ ഇപിയുടെ രാഷ്ട്രീയ ഭാവി സിപിഎമ്മിൽ അവസാനിച്ചതിന് തുല്യം ആണ്.
കൂടാതെ സിപിഎമ്മിലെ കണ്ണൂരിന്‍റെ പ്രധാനപ്പെട്ട നേതാക്കൾ എല്ലാം നിയമസഭയിൽ 2 തവണ പൂർത്തിയാക്കുകയും ചെയ്‌തു. ഈ ഘട്ടത്തിൽ ആണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടി സമ്മേളനം മുതൽ അധികാരത്തിന്‍റെ താക്കോൽ സ്ഥാനം പിടിക്കാൻ നേതാക്കൾ ഒരുങ്ങത്. ധർമ്മടത്ത് പിണറായി വിജയൻ ഇതിനകം രണ്ട് തവണ മത്സരിച്ച് കഴിഞ്ഞു.
കൂത്തുപറമ്പിലും മട്ടന്നൂരിലുമായി കെ കെ ശൈലജയും തലശ്ശേരിയിൽ എഎൻ ഷംസീറും രണ്ട് തവണ പൂർത്തിയാക്കി കഴിഞ്ഞു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ എംവി ഗോവിന്ദൻ മാസ്റ്റർ അടുത്ത തവണ വീണ്ടും പാർട്ടി സെക്രട്ടറി ആകുമ്പോൾ തളിപ്പറമ്പ് സീറ്റ് ഒഴിയുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ഈ അവസരത്തിലാണ് മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് എംവി നികേഷ്‌കുമാറിന്‍റെ വരവ്. പാർട്ടിയുടെ പ്രത്യേക ക്ഷണിതാവായി പരിഗണിക്കുമെന്ന് പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും അടുത്ത സമ്മേളന കാലയളവോടെ നികേഷ് കുമാറിനെ ജില്ലാ നേതൃതലത്തിലേക്ക് ഉയർത്തിക്കാട്ടാൻ ആണ് പാർട്ടി ലക്ഷ്യമിടുന്നത്.
തളിപ്പറമ്പ് മണ്ഡലം അദ്ദേഹത്തിന് വേണ്ടി പരിഗണിക്കും സൂചനകളും പുറത്ത് വരുന്നു. കൂടാതെ തലശ്ശേരിയിൽ മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന പി ശശിയെയും ധർമ്മടത്ത് കെ കെ രാഗേഷിനെയും ഒക്കെ ഉയർത്തിക്കാട്ടൻ ഒരു വിഭാഗം ശ്രമം തുടങ്ങി കഴിഞ്ഞു.
കെ കെ ശൈലജയുടെ വടകരയിലെ തോൽവിക്ക് പിന്നാലെ പി ജയരാജൻ ഉയർത്തിയ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. ശൈലജ ടീച്ചറെ സംസ്ഥാന രാഷ്ട്രീയത്തിൽ കാണാൻ ജനങ്ങൾ ഇഷ്‌ടപ്പെടുന്നത് കൊണ്ടാണ് പരാജയപ്പെട്ടത് എന്നായിരുന്നു ജയരാജന്‍റെ വിശദീകരണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശൈലജ ടീച്ചറെ ഒരു വിഭാഗം ഉയർത്തി കാട്ടുന്നു എന്നതിന്‍റെ സൂചനയാണ് ഇത്. പാർട്ടി നിയമങ്ങളിൽ ഇളവ് വരുത്തി പിണറായി വിജയന് ഒരു തവണ കൂടി മത്സരിക്കാൻ അവസരം നൽകുന്നുണ്ടെങ്കിൽ മറ്റുള്ളവർക്കും ഇത് ബാധകമാണെന്ന സൂചനയും ഇതിലൂടെ നൽകുന്നുണ്ട്.
Also Read : 'കണ്ണൂരിലെ അധോലോക അഴിഞ്ഞാട്ടത്തിന്‍റെ കഥകള്‍ ചെങ്കൊടിക്ക് അപമാനം': ബിനോയ് വിശ്വം - Binoy Viswam Against CPM