കോഴിക്കോട്: കുടിവെള്ള പദ്ധതിയില്‍ ക്രമക്കേട് ആരോപണം നേരിട്ട് ആത്മഹത്യാശ്രമം നടത്തിയ സിപിഎം പ്രാദേശിക നേതാവ് മരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് സ്വദേശി തിരുത്തിയിൽ ഹമീദാണ് (58) മരിച്ചത്. കൂളിമാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എട്ട് വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്ന എന്‍സിപിസി ജല വിതരണ പദ്ധതിയുടെ ചുമതലക്കാരനായിരുന്നു ഹമീദ്. വാട്ടർ അതോറിറ്റിക്ക് പണം അടക്കാത്തതിനെ തുടർന്ന് പദ്ധതി വഴിയുള്ള ജലവിതരണം വാട്ടർ അതോറിറ്റി നിർത്തിവച്ചിരുന്നു. ഇതോടെ ഗുണഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്ത പണം ജല അതോറിറ്റിക്ക് കൈമാറിയില്ലെന്ന് ആരോപിച്ച് യുഡിഎഫിന്‍റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൂടാതെ ഗുണഭോക്തക്കളില്‍ ചിലര്‍ കലക്‌ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണവും ഹിയറിങ്ങും നടക്കാനിരിക്കെയാണ് ഹമീദ് വിഷം കഴിച്ചത്. നവംബർ 26ന് ആയിരുന്നു വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056