കാസർകോട്: സിപിഎം ജില്ല കമ്മിറ്റി യോഗത്തിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് രൂക്ഷ വിമർശനം. ഇപി ജയരാജന്‍റെ ബിജെപി അനുകൂല പ്രസ്‌താവനകൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി. കാസർകോട് സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായതായും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും വിമർശനമുയർന്നു.
ഇപി ജയരാജന് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും കെകെ ശൈലജക്ക് എതിരെയും വിമര്‍ശനമുണ്ടായി. അതേസമയം മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ കമ്മിറ്റികളില്‍ എങ്ങനെ പ്രതിരോധിക്കുമെന്ന ആശയകുഴപ്പത്തിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കമ്മിറ്റികളില്‍ പ്രതികരിക്കേണ്ടന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്നതിലാണ് ആശയകുഴപ്പം. സിപിഎം എറണാകുളം, പത്തനംതിട്ട ജില്ല കമ്മിറ്റികളിലും പാർട്ടി നേതാക്കൾക്ക് എതിരെ വിമർശനം ഉയർന്നിരുന്നു.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ പരിശോധന ആരംഭിച്ചിരിക്കുകയാണ് സിപിഎം പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനം താഴെത്തട്ടില്‍ നിന്നും ആരംഭിച്ചു. ജില്ല കമ്മിറ്റി യോഗങ്ങളും നടന്ന് വരികയാണ്. പല യോഗങ്ങളിലും നേതാക്കൾക്ക് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സിപിഐയുടെ യോഗങ്ങളിലും കടുത്ത വിമർശനം ഉയർന്നിരുന്നു. ശനിയാഴ്‌ച (ജൂണ്‍ 22) കാസർകോട് ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലാണ് വിമർശനം ഉണ്ടായത്.