ഇടുക്കി : ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രൻ. സിപിഎമ്മിൽ നിന്നും പിന്നോട്ടില്ലെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ക്കൊപ്പമുള്ള ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും എസ്. രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നു, എന്നാല്‍ പോകുന്നില്ല. സിപിഎമ്മിനൊപ്പം നില്‍ക്കാൻ തന്നെയാണ് തീരുമാനമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
ജാവദേക്കര്‍ക്കൊപ്പം അങ്ങനെ ഒരു ഫോട്ടോ എടുക്കുമെന്ന് പ്രതീക്ഷിച്ചതല്ല. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കൾ തന്നെ വിളിച്ചിരുന്നു. എന്താണ് ടിവിയില്‍ കാണുന്നതെന്ന് അവര്‍ ചോദിച്ചു. ഞാന്‍ കാര്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. അവർക്ക് ബോധ്യപ്പെട്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്ന് ഞാന്‍ നേരത്തെ തന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ എന്നും ഇടതിന് ഒപ്പം തന്നെ നില്‍ക്കും. ഇടുക്കിയിൽ ഇടതുപക്ഷം തന്നെ ജയിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
തന്‍റെ പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്ന കാര്യത്തിൽ സിപിഎമ്മാണ് തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങൾ പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ച ചെയ്‌ത് പരിഹരിക്കും. ഇപ്പോൾ പാര്‍ട്ടിയിൽ അത്ര സജീവമല്ലെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു (S Rajendran meets Prakash Javadekar).
ബിജെപിയിലേക്ക് ഇല്ല എന്ന് പറയാൻ അല്ല ഡൽഹിയിൽ പോയത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ്. ജാവദേക്കറുമായി ഈ ആവശ്യം ചർച്ച ചെയ്‌തത് സൗഹൃദം കൊണ്ടുമാത്രമാണ്. മുമ്പേ ജാവദേക്കറുമായി തനിക്ക് നല്ല സൗഹൃദമുണ്ട്. അദ്ദേഹം ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി ആണെന്ന കാര്യം അപ്പോള്‍ ശ്രദ്ധിച്ചില്ലെന്നും എസ്. രാജേന്ദ്രൻ വിശദീകരിച്ചു.
ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ചയുടെ വാര്‍ത്ത വന്നതിന് പിന്നാലെ സിപിഎം നേതാക്കൾ വിളിച്ചിരുന്നു. എന്താണ് ഈ ടിവിയിൽ പോകുന്നത് എന്ന് ചോദിച്ചു. അപ്പോഴാണ് താനും സംഭവത്തിന്‍റെ പ്രശ്‌നം മനസ്സിലാക്കുന്നത്. ചെറിയ വീഴ്‌ച തനിക്ക് പറ്റിയിട്ടുണ്ടെന്നും അതിനാല്‍ നേതാക്കളോട് ക്ഷമ ചോദിച്ചുവെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.
ഇന്നലെയാണ് (20-03-2024) എസ്. രാജേന്ദ്രൻ ദില്ലിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്‌തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ചില നേതാക്കളാണ് തടസ്സം നില്‍ക്കുന്നതെന്ന് എസ് രാജേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് എന്ന സൂചന എസ് രാജേന്ദ്രൻ തന്നെ നല്‍കുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹവുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറായത്.