തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഐ. കഴിഞ്ഞ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിശ്ചയിച്ച നാല് സ്ഥാനാര്‍ത്ഥികളെയും ഇന്നു ചേര്‍ന്ന നേതൃയോഗങ്ങളില്‍ അംഗീകരിച്ചതോടെ പാര്‍ട്ടിക്ക് എല്‍ഡിഎഫ് അനുവദിച്ച നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളായി.
തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും മാവേലിക്കരയില്‍ സി എ അരുണ്‍കുമാറിനെയും തൃശൂരില്‍ വി എസ് സുനില്‍കുമാറിനെയും വയനാട്ടില്‍ ആനി രാജയെയും തെരഞ്ഞടുത്ത കഴിഞ്ഞ എക്‌സിക്യൂട്ടീവ് തീരുമാനം ഇന്നു ചേര്‍ന്ന എക്‌സിക്യൂട്ടീവും സംസ്ഥാന സമിതിയും അംഗീകരിക്കുകയായിരുന്നു. കേരളത്തില്‍ കാറ്റ് എല്‍ഡിഎഫിന് അനുകൂലമാണെന്നും എല്‍ഡിഎഫ് ട്വിന്‍റി ട്വന്‍റി അടിക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. കേരളത്തിന്‍റെ രാഷ്‌ട്രീയ ദിശ എങ്ങോട്ടാണെന്ന് ഇത് വ്യക്തമാക്കുന്നു. കാറ്റ് എല്‍ഡിഎഫിന് അനുകൂലം. എല്‍ഡിഎഫ് ഒറ്റക്കെട്ടാണ്. അപ്പുറത്തെ യുഡിഎഫിലെയും എൻ ഡിഎയും അനൈക്യം എല്ലാവര്‍ക്കും അറിയാം. എല്‍ഡിഎഫിനെതിരെ ഒരുമിച്ച കൈത്തഴമ്പുള്ള യുഡിഎഫും ബിജെപിയും ഇത്തവണയും അതേ നിലപാടുമയി രംഗത്തു വരും.
ബാബറി മസ്‌ജിദ് തകര്‍ത്ത പാരമ്പര്യമുള്ള കോണ്‍ഗ്രസ് രാമ ജന്‍മഭൂമി ക്ഷേത്ര പ്രതിഷ്‌ഠയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ചാഞ്ചാട്ടമായിരുന്നു. എല്‍ഡിഎഫിന് അത്തരം ചാഞ്ചാട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്‍ഡിഎഫിന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് മാറ്റിയത്. രാഹുലല്‍ഗാന്ധിയോടെ സിപിഐക്ക് വ്യക്തിപരമായി സ്‌നേഹമാണ്. രാഹുല്‍ഗാന്ധിക്ക് എവിടെയും മത്സരിക്കാം. എന്നാല്‍ ഉത്തരേന്ത്യ വിട്ട് രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നത് ശക്തരായ തങ്ങളെ പേടിച്ചിട്ടാണെന്ന് ബിജെപി പറയുന്നതിന് ഇടയാക്കും.
ആരാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളി. ഇന്ത്യാ മുന്നണിയുടെ ഭാഗമായ എല്‍ഡിഎഫ് ആണോ അതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ചോദിച്ചു. സിപിഐയുടെ മുതിര്‍ന്ന നേതാവായ പന്ന്യന്‍ തിരുവനന്തപുരത്തെ 2005 മുതല്‍ 2009 വരെ പ്രതിനിധീകരിച്ചു. സിപിഐ ദേശീയ സെക്രട്ടറിയും ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ അദ്ധ്യക്ഷനുമായിരുന്നു. കണ്ണൂര്‍ സ്വദേശിയാണ്.
സിഎ അരുണ്‍കുമാര്‍ എഐഎസ്എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കൃഷി മന്ത്രി പി പ്രസാദിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും.
വിഎസ് സുനില്‍കുമാര്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എഐവൈഎഫ്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നാം പിണറായി മന്ത്രിസഭില്‍ കൃഷിമന്ത്രിയായിരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ആനി രാജ നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഭാര്യയും നാഷണല്‍ വുമന്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റുമാണ്.