തിരുവനന്തപുരം: കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകനായ ബദറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിയായ തൃക്കോവിൽവട്ടം കിഴവൂർ ചേരിയിലെ സുൽഫിക്കറിന് (49) 10 വര്‍ഷം കഠിന തടവും രണ്ടാം പ്രതിയായ സുല്‍ഫിക്കറിന്‍റെ മകന്‍ ഇബ്റാഹിം കുട്ടിക്ക് (75) മൂന്ന് വര്‍ഷം കഠിന തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെ ഒന്നര ലക്ഷം രൂപയും പിഴ ചുമത്തി.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പത്ത് വർഷം (304), മാരകമായി പരിക്ക് ഏൽപ്പിക്കലിന് (324) മൂന്ന് വർഷം, നാശനഷ്‌ടം വരുത്തിയതിന് (426) മൂന്ന് മാസം ശിക്ഷ എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. മരിച്ച അഭിഭാഷകൻ്റെ കുടുംബത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും നഷ്‌ട പരിഹാര തുക നൽകുവാനും കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്‌ജി കെ.പി അനിൽകുമാറിൻ്റേതാണ് ഉത്തരവ്.
കേസില്‍ 15 സാക്ഷികള്‍ കോടതിയില്‍ ഹാജരായി. 55 രേഖകളും 12 തൊണ്ടി മുതലുകളും വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ വിസ്‌തരിക്കുകയും രേഖപ്പെടുത്തുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റെക്‌സ് ഡി.ജി, അഭിഭാഷകരായ രഞ്ജു, സിപി ഗോപിക, ജി.ആര്‍ അനില എന്നിവരും ഹാജരായി.
ബദറുദ്ദീന്‍ കൊലക്കേസ്: 2013 ഡിസംബര്‍ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട ബദറുദ്ദീനും പ്രതികളും ബന്ധുക്കളാണ്. ഒന്നാം പ്രതിയായ സുല്‍ഫിക്കറിന്‍റെ ഭാര്യ ഷമീറയുടെ കുടുംബ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുന്നതിന് അഭിഭാഷകനായ ബദറുദ്ദീനെ എല്‍പ്പിച്ചിരുന്നു. സുല്‍ഫിക്കര്‍ ഷമീറയെ മര്‍ദിച്ചതിനെ തുടര്‍ന്ന് ബദറുദ്ദീന്‍ പ്രതികളുടെ വീട്ടിലേക്ക് കാര്യം അന്വേഷിക്കാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
വീട്ടിലെത്തിയ ബദറുദ്ദീനെ സുല്‍ഫിക്കറും മകന്‍ ഇബ്രാഹീമും മരകഷ്‌ണം കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. രാത്രിയില്‍ 8.15 ഓടെയാണ് ബദറുദ്ദീന്‍ ആക്രമണത്തിന് ഇരയായത്. ഇരുവരുടെ മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ബദറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്‌തു. അന്വേഷണങ്ങള്‍ക്കൊടുവില്‍ 2015ലാണ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകനായിരുന്നു കൊല്ലപ്പെട്ട ബദറുദ്ദീൻ. അതുകൊണ്ട് തന്നെ കേസിന്‍റെ വിചാരണ ജില്ലക്ക് പുറത്തുള്ള കോടതിയില്‍ വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ ആവശ്യം പരിഗണിച്ച ഹൈക്കോടതി കേസ് വിചാരണ തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.