പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾക്ക് 5 വര്‍ഷം വീതം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആലത്തൂർ സ്വദേശി സ്റ്റാൻലി സൈമണ്‍ (45), തോട്ടയ്ക്കാട് സ്വദേശി ഹണിമോൻ സി. ആന്‍റണി (42), വള്ളിക്കോട് സ്വദേശി സാനു തോമസ് (45), തെങ്ങുംകാവ് സ്വദേശി ബിനു വർഗീസ് (51) എന്നിവരെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
എക്‌സോഡസ് ഇന്‍റര്‍നാഷണൽ എന്ന കമ്പനി വഴി വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്, പണം വാങ്ങിയ ശേഷം ജോലിയോ പണമോ നല്‍കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പൊലീസ് രജിസ്റ്റർ ചെയ്‌ത 6 കേസുകളിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 6 കേസുകളിലും ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
കമ്പനിയുടെ ഉടമസ്ഥൻ, മാനേജർ, ഏജന്‍റുമാര്‍ എന്നിവരുൾപ്പെടെ 4 പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പിഴത്തുക കേസിൽ പണം നഷ്‌ടപ്പെട്ടവർക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്‌ത കേസ് അന്ന് പത്തനംതിട്ട ഡി വൈ എസ് പി ആയിരുന്ന റഫീഖിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷൻ ആർ പ്രദീപ് കുമാർ ഹാജരായി. ലെയ്‌സൺ ഓഫീസറായി പ്രവർത്തിച്ചത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ അനുരാജ് ആണ്.