തിരുവനന്തപുരം: നഗരസഭ ഡെപ്യൂട്ടി മേയർ പികെ രാജുവിൽ നിന്നും മർദ്ദനമേറ്റതിന് പിന്നാലെ ഇരട്ടി പ്രഹരമായി സർക്കാർ ഉദ്യോഗസ്ഥന് സ്ഥലം മാറ്റവും. തിരുവനന്തപുരം നഗരസഭയിലെ തിരുവല്ലം സോണൽ ഓഫിസ് സൂപ്രണ്ട് അൻവർ ഹുസൈനെയാണ് സംഭവം നടന്ന് ആഴ്‌ചകൾക്കുള്ളിൽ സ്ഥലം മാറ്റിയത്. മാർച്ച് ആറിനായിരുന്നു സംഭവം.
സെക്ഷൻ ക്ലർക്കിന്‍റെ കൈവശമുണ്ടായിരുന്ന വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഫയൽ അന്വേഷിച്ചായിരുന്നു മാർച്ച് 6 ന് ഡെപ്യൂട്ടി മേയർ പികെ രാജു തിരുവല്ലം സോണൽ ഓഫിസിലെത്തിയത്. തുടർന്ന് ഓഫിസിലെത്തിയ ഡെപ്യൂട്ടി മേയർ പികെ രാജുവും ഓഫിസ് സൂപ്രണ്ട് അൻവർ ഹുസൈനുമായി തർക്കമുണ്ടായി. പിന്നാലെ ഡെപ്യൂട്ടി മേയർ തന്നെ മർദിച്ചതായാണ് അൻവർ ഹുസൈൻ തിരുവല്ലം പൊലിസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
ആരോപണം അന്ന് തന്നെ ഡെപ്യൂട്ടി മേയർ പികെ രാജു നിഷേധിച്ചിരുന്നു. എന്നാൽ സംഭവം നടന്നു രണ്ടാഴ്ച്ചയ്ക്കുള്ളിൽ മാർച്ച് മാസം അവസാനത്തോടെ തിരുവനന്തപുരം പോത്തൻകോട് ഗ്രാമ പഞ്ചായത്തിലേക്ക് അൻവർ ഹുസൈനെ സ്ഥലം മാറ്റുകയായിരുന്നു. മുൻപ് വെള്ളാർ വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ നഗരസഭയിലെ എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് ഡിആർ അനിൽ അകാരണമായി ശകാരിച്ചെന്ന് പരാതിപ്പെട്ടതും അൻവർ ഹുസൈനായിരുന്നു.
വെള്ളാർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ മരണപ്പെട്ടവരുടെയടക്കം പേര് ചേർക്കാത്തതിനാലാണ് സിപിഎം നേതാവ് ശകാരിച്ചതെന്നായിരുന്നു അൻവറിന്‍റെ ആരോപണം. പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ എത്തിയതിന് പിന്നാലെ നിലവിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ് അൻവർ ഹുസൈൻ.
ALSO READ: അധ്യാപകന് സ്ഥലം മാറ്റം; തിരികെ കൊണ്ടുവരാനും കൊണ്ടുവരാതിരിക്കാനും പ്രതിഷേധം