ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. പ്രസംഗത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. വിവാദത്തില്‍ ഒരു പ്രാവശ്യം മന്ത്രിക്കസേര തെറിച്ച സജി ചെറിയാന് വീണ്ടും തലവേദനയാവുകയാണ് പുതിയ ഉത്തരവ്.
ആദ്യമായല്ല സജി ചെറിയാന്‍
ഇതാദ്യമായല്ല മന്ത്രി സജി ചെറിയാന്‍ പ്രസംഗങ്ങളുടെ പേരില്‍ വിവാദത്തിലാകുന്നത്. മണിപ്പൂരില്‍ കലാപം കത്തി നില്‍ക്കുന്ന വേളയില്‍ പ്രധാന മന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ സജി ചെറിയാന്‍ നടത്തിയ വിമര്‍ശനം വലിയ വിവാദമായിരുന്നു. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം സഭാ മേലധ്യക്ഷന്‍മാര്‍ മറന്നു എന്നുമായിരുന്നു സജി ചെറിയാന്‍റെ പരാമര്‍ശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രസ്‌താവനയില്‍ ബിഷപ്പുമാരും മറ്റും ശക്തമായി പ്രതിഷേധിച്ചതോടെ സജി ചെറിയാന്‍ പ്രസ്‌താവന പിന്‍വലിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രസംഗങ്ങള്‍ കൊണ്ട് വിവാദത്തിലായിരുന്നത് എംഎം മണി ആയിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരിലേക്ക് എത്തുമ്പോള്‍ അത് സജി ചെറിയാനാകുന്ന കാഴ്‌ചയാണ് കണ്ടത്.
വാവിട്ട വാക്കുകളില്‍ പുലിവാല് പിടിച്ച നിരവധി മന്ത്രിമാരുണ്ട് കേരള രാഷ്‌ട്രീയത്തില്‍. പ്രസംഗത്തിന്‍റെ ഒഴുക്കിലും കാണികളുള്ള ഹരത്തിലും നേതാക്കള്‍ നടത്തുന്ന പ്രസംഗം അബദ്ധമായിപ്പോയ നിരവധി സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പ്രസ്‌താവന തിരുത്തി മാപ്പ് പറഞ്ഞവര്‍ മുതല്‍ രാജിവച്ചവരും ജയില്‍ വാസമനുഭവിച്ചവരും വരെയുണ്ട് ഈ ലിസ്‌റ്റില്‍.
പഞ്ചാബ് മോഡല്‍ പ്രസംഗം
1985-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുത മന്ത്രി ആയിരിക്കെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസ് ലയന സമ്മേളനത്തിൽ ആർ ബാലകൃഷ്‌ണപിള്ള നടത്തിയ പ്രസംഗമാണ് പഞ്ചാബ് മോഡൽ പ്രസംഗം എന്നറിയപ്പെടുന്നത്. പാലക്കാട്ടേക്ക് അനുവദിക്കാമെന്ന് കേന്ദ്രം വാഗ്‌ദാനം ചെയ്‌ത റെയില്‍വേ കോച്ച് ഫാക്‌ടറി നാടകീയമായി പഞ്ചാബിലേക്ക് കൊണ്ടുപോയെന്ന് പരാമർശിച്ചായിരുന്നു ബാലകൃഷ്‌ണപ്പിള്ളയുടെ പ്രസംഗം.
പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് രാജീവ് ഗാന്ധി ഈ നീക്കം നടത്തിയത് എന്നാണ് ബാലകൃഷ്‌ണ പിള്ള പറഞ്ഞത്. കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിന് (ഖാലിസ്ഥാൻ സമരം) നിർബന്ധിതരാകുമെന്നായിരുന്നു ബാലകൃഷ്‌ണ പിള്ളയുടെ പ്രസ്‌താവന.
പിള്ളയുടെ പ്രസംഗം സത്യപ്രതിജ്‌ഞാ ലംഘനമാണെന്നും അദ്ദേഹം രാജി വയ്‌ക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവ് ജി കാർത്തികേയൻ കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമര്‍പ്പിച്ചു.
ഹര്‍ജിയില്‍ ജസ്‌റ്റിസ് രാധാകൃഷ്‌ണ മേനോന്‍റെ പരാമർശത്തെ തുടർന്ന് ബാലകൃഷ്‌ണ പിള്ള മന്ത്രിപദം രാജിവയ്ക്കുകയായിരുന്നു. അടുത്ത വര്‍ഷം ബാലകൃഷ്‌ണ പിള്ളയെ ഹൈക്കോടതി കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷമാണ് അദ്ദേഹം മന്ത്രി പദത്തില്‍ തിരിച്ചെത്തുന്നത്.
മണിയാശാന്‍റെ 'വണ്‍ ടു ത്രീ ഫോര്‍'
നാവിന് ലൈസന്‍സില്ലാത്ത നേതാവെന്ന് ഖ്യാതി നേടിയ വ്യക്തിയാണ് എംഎം മണി. എംഎം മണിയുടെ പ്രസംഗങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത് ഒന്നും രണ്ടും തവണയൊന്നുമല്ല. അതില്‍ സുപ്രധാനമായത് എംഎം മണിയുടെ 'വണ്‍ ടു ത്രീ ഫോര്‍' പ്രസംഗമായിരുന്നു. 2012 മേയില്‍ തൊടുപുഴയ്ക്കടുത്ത് മണക്കാട് സിപിഎം നടത്തിയ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയുടെ വിവാദ പ്രസംഗം. അഞ്ചേരി ബേബി വധക്കേസിന്‍റെ പുനരന്വേഷണത്തിലും എംഎം മണിയുടെ അറസ്‌റ്റിലും വരെ ഈ പ്രസംഗം കാര്യങ്ങള്‍ എത്തിച്ചു.
'ഞങ്ങളൊരു പ്രസ്‌താവനയിറക്കി, ഒരു 13 പേർ. വൺ, ടു, ത്രീ, ഫോർ... ആദ്യത്തെ മൂന്ന് പേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു. മനസിലായില്ലേ? ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ രണ്ടാമത് തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു. അതോടുകൂടി ഖദർ വലിച്ചെറിഞ്ഞ് കോൺഗ്രസുകാർ അവിടെ നിന്ന് ഊളിയിട്ടു'- എംഎം മണി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വാചകങ്ങള്‍ ഇങ്ങനെയായിരുന്നു.
ഒരു ലോക്കൽ ചാനലിലെ ക്യാമറാമാന്‍ എടുത്ത പ്രസംഗത്തിന്‍റെ ദൃശ്യങ്ങളാണ് പിന്നീട് വലിയ കോളിളക്കം സൃഷ്‌ടിച്ചത്. 1982 നവംബർ 13ന് ആണ് യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റുമായ അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. തോട്ടം മേഖലയിലെ തൊഴിൽ തർക്കം ചർച്ച ചെയ്യാനെന്ന പേരിൽ ബേബിയെ ഉടുമ്പഞ്ചോലയിലെ ഏലക്കാട്ടിലേക്ക് വിളിച്ചു വരുത്തി വെടിവച്ച് കൊല്ലുകയായിരുന്നു.
സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന മോഹൻദാസ് ഉൾപ്പടെയുള്ളവരാണ് അന്ന് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ദൃക്‌സാക്ഷികൾ കൂറ് മാറിയതിനാലും കോടതിയിൽ സമർപ്പിച്ച തെളിവുകൾ ശക്തമല്ലാത്തതിനാലും അന്ന് വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും പ്രതികളെ വെറുതെ വിട്ടു.
2012ലെ എംഎം മണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷിക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന്, എംഎം മണി അടക്കമുള്ളവരെ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചു.
എംഎം. മണിക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. 2012 നവംബർ 21ന് എംഎം മണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 46 ദിവസം മണി പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയേണ്ടിയും വന്നു. പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വന്നു. പത്ത് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 2022ല്‍ എംഎം മണിയെ കോടതി കുറ്റവിമുക്തനാക്കി.
പെമ്പിളൈ ഒരുമൈക്കെതിരെയും
2017ല്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെയും അധിക്ഷേപിക്കുന്ന പരാമര്‍ശം എംഎം മണിയില്‍ നിന്നുണ്ടായി. അടിമാലിയിലെ ഇരുപതേക്കറിലെ പ്രസംഗത്തിലാണ് എംഎം മണി സമരക്കാരെ അധിക്ഷേപിച്ചത്.
'അവിടെ ഇവന്‍റെ കൂടെയാ, സബ് കളക്‌ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാറ് വന്നിട്ട് കള്ളുകുടി, കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്‍റ് ഗസ്‌റ്റ് ഹൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസിലായില്ലേ? ആ വനത്തില്‍ അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്‌പി ഉണ്ടായിരുന്നു അന്ന്. എല്ലാരും കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം. മനസിലായില്ലേ? ഞാനത് ഇന്നലെ പറഞ്ഞു അവിടെ, ചാനലുകാരും കൂടി പൊറുതിയാണെന്ന് പറഞ്ഞു. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ. ആഹാ. പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല'- എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശമിങ്ങനെ പോകുന്നു.
മൂന്നാര്‍ ദൗത്യത്തിനിടെ ദൗത്യ സംഘവും മാധ്യമ പ്രവര്‍ത്തകരും ഗസ്‌റ്റ് ഹൗസില്‍ മദ്യപാനമായിരുന്നു എന്നും എംഎം മണി ആരോപിച്ചിരുന്നു. മണിയുടെ പ്രസംഗത്തില്‍ ശക്തമായ പ്രതിഷേധവുമായി പെമ്പിളൈ ഒരുമൈ അന്ന് രംഗത്തെത്തി. പ്രസംഗത്തില്‍ കേരള ഹൈക്കോടതിയും മണിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടി എംഎം മണിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു.
മന്ത്രി കെഎന്‍ ബാലഗോപാലും ഗവര്‍ണറും
2022ല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമായ ഘട്ടത്തില്‍, ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ പ്രസ്‌താവന വലിയ വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
പരാമര്‍ശത്തെ തുടര്‍ന്ന്, ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള തന്‍റെ പ്രീതി നഷ്‌ടമായെന്നും അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. എന്നാല്‍ ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളുകയായിരുന്നു. ഒരുകാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
മന്ത്രി വി അബ്‌ദുറഹിമാന്‍
2023ല്‍ കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്‍റെ വിനോദ നികുതി കുത്തനെ കൂട്ടിയ വിമര്‍ശനങ്ങളോട് പ്രതികരിക്കവെ കായിക മന്ത്രി വി അബ്‌ദുറഹിമാന്‍റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'നാട്ടില്‍ അമിതമായ വിലക്കയറ്റമാണ്, അതുകൊണ്ട് ടിക്കറ്റ് നിരക്ക് കുറച്ചുകൊടുക്കണം എന്നൊരു വാദം കേട്ടു. അങ്ങനെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകണ്ട' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. പാവപ്പെട്ടവന്‍ ക്രിക്കറ്റ് കളി കാണേണ്ട എന്നല്ല പറഞ്ഞതെന്ന് അബ്‌ദുറഹിമാന്‍ വിശദീകരിച്ചു. ടിക്കറ്റ് ചാര്‍ജ് വര്‍ധനയെ കുറിച്ചാണ് പറഞ്ഞതെന്നും വിവാദം തെറ്റിദ്ധാരണയുടെ പേരിലാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ക്രിസ്‌തുമസ് വിവാദം
കഴിഞ്ഞ വര്‍ഷം, ക്രിസ്‌തുമസ് ആഘോഷങ്ങളിൽ നിന്ന് മുസ്ലീങ്ങളോട് വിട്ടുനിൽക്കാൻ ആഹ്വാനം ചെയ്‌ത എസ്‌വൈഎസ് നേതാവ് അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ കായിക മന്ത്രി വി അബ്‌ദുറഹിമാൻ വിമർശിച്ചതും വിവാദമായിരുന്നു. മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുന്ന അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണം എന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. മന്ത്രിയുടെ പ്രസ്‌താവനയ്ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത് വരികയായിരുന്നു.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം
2023 നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് രക്ഷാപ്രവർത്തനമാണ് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചത് വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
എന്നാല്‍ ബസിന് മുന്നിലേക്ക് ചാടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കുകയാണ് ഡിവൈഎഫ്ഐക്കാര്‍ ചെയ്‌തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര വാദം. ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് നിയമസഭയിലും മുഖ്യമന്ത്രി ഇതേ പരാമര്‍ശം ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്ന് കഴിഞ്ഞ മാസം കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Also Read: 'സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണം'; രമേശ് ചെന്നിത്തല